മലയാള സിനിമ മേക്കിങ് കൊണ്ടും കണ്ടന്റുകളുടെ ക്വാളിറ്റി കൊണ്ടും ഒരുപാട് മുന്നോട്ട് പോകുന്ന കാലമാണിത്. മറ്റ് ഭാഷയിലെ സിനിമാപ്രേമികള്‍ പോലും മലയാള സിനിമയുടെ ക്വാളിറ്റി കണ്ട് അസൂയപ്പെടുകയാണ്. ഇങ്ങനെയുള്ള അവസ്ഥയില്‍ ഇന്‍ഡസ്ട്രിക്ക് കണ്ണ് തട്ടാതിരിക്കാനായി വമ്പന്‍ സംവിധായകരുടെ ചില സിനിമകള്‍ പുറത്തുവരാറുണ്ട്.

ക്രൈം ത്രില്ലറുകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച ജീത്തു ജോസഫാണ് ലിസ്റ്റിലെ ആദ്യത്തെയാള്‍. നല്ല കഥകളാണെങ്കിലും മോശം ടീമിനെ ഉപയോഗിച്ച് സീരിയല്‍ ലെവല്‍ മേക്കിങ്ങിലൂടെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നവരില്‍ പ്രധാനിയാണിദ്ദേഹം. തിയേറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടിയ ദൃശ്യം 3 പോലും ഒ.ടി.ടിയിലെത്തിയപ്പോള്‍ ട്രോളന്മാര്‍ വലിച്ചുകീറിയിരുന്നു.

സീരിയല്‍ ലെവല്‍ മേക്കിങ്ങില്‍ ജീത്തു ജോസഫിന് ഒരു എതിരാളിയില്ലെന്ന് ട്രോളന്മാര്‍ കരുതിയിരുന്നപ്പോഴാണ് വെറ്റെറന്‍ സംവിധായകന്‍ രഞ്ജിത്തിന്റെ വരവ്. ജീത്തുവിന്റെ അടുത്ത സിനിമ വരെ കാത്തിരിക്കേണ്ടെന്നും ട്രോളന്മാര്‍ക്കുള്ള ചാകര താന്‍ നല്‍കാമെന്നും പറഞ്ഞുകൊണ്ട് പുതിയ ചിത്രം ലോ ആന്‍ഡ് ഓര്‍ഡറിന്റെ ടീസര്‍ രഞ്ജിത് സോഷ്യല്‍ മീഡിയക്ക് സമ്മാനിച്ചിരുന്നു.

ഉദയകൃഷ്ണയുടെ ‘ഫ്രഷ്’ സ്‌ക്രിപ്റ്റിലൊരുങ്ങുന്ന ലോ ആന്‍ഡ് ഓര്‍ഡറിന്റെ ടീസര്‍ വലിയ ഇംപാക്ടാണ് ട്രോള്‍ പേജുകളിലുണ്ടാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ട്രോള്‍ പേജുകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള മീം മെറ്റീരിയലുകള്‍ ഒരൊറ്റ ട്രെയ്‌ലറിലൂടെ നല്‍കിയിരിക്കുകയാണ് രഞ്ജിത്തും ഉദയകൃഷ്ണയും.

സീരിയലുകള്‍ പോലും സിനിമയുടെ ലെവലിലേക്ക് അപ്‌ഗ്രേഡാകുമ്പോള്‍ സിനിമയെ സീരിയല്‍ പോലെ എടുത്തുവെച്ചിരിക്കുകയാണ് രഞ്ജിത്. സീരിയസായി കാണിച്ച പല സീനുകളും വന്‍ കോമഡിയാണെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. ഫിലിം റോസ്റ്റിങ് പേജുകളുടെ കണ്‍കണ്ട ദൈവമായ ദേവന് (ട്രോളന്മാരുടെ ദേവ് ജി) ലോ ആന്‍ഡ് ഓര്‍ഡറില്‍ നല്‍കിയ ഗെറ്റപ്പടക്കം ട്രോള്‍ പേജുകളുടെ ഇരയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസിന് ശേഷം ഏറ്റവും പ്രതിസന്ധിയിലായത് മമ്മൂട്ടിയുടെ ആരാധകരാണ്. മമ്മൂട്ടിയുടെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നായ കാരിക്കാമുറി ഷണ്മുഖന്റെ അതിഥിവേഷം വലിയ ട്രോള്‍ മെറ്റീരിയലാകുമെന്നാണ് പലരുടെയും കണക്കുകൂട്ടല്‍. രാവണപ്രഭു, പ്രാഞ്ചിയേട്ടന്‍, സ്പിരിറ്റ് തുടങ്ങിയ മികച്ച സിനിമകളൊരുക്കിയ രഞ്ജിത്ത് ഇത്രയും മോശം സിനിമ ഒരുക്കുമെന്ന കരുതിയില്ലെന്നും പോസ്റ്റുകളുണ്ട്.

Content Highlight: Law and Order movie trailer getting trolls in social media