ഫുട്‌ബോള്‍ ലോകത്തിലെ അപ്രതീക്ഷിതമായ വിരമിക്കലുകളിലൊന്നായിരുന്നു ജര്‍മന്‍ സ്‌നൈപ്പര്‍ ടോണി ക്രൂസിന്റേത്. 2024ലായിരുന്നു ക്രൂസ് ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. കരിയറിലെ മിന്നും ഫോമില്‍ നില്‍ക്കെയായിരുന്നു ജര്‍മന്‍ മിഡ്ഫീല്‍ഡറുടെ പടിയിറക്കം. ടോണി ക്രൂസിന്റെ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിച്ചിരുന്നു.

ക്രൂസിന് ഇനിയും കുറച്ചുകാലം കൂടി കളിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് റൊണാള്‍ഡോ അഭിപ്രായപ്പെട്ടിരുന്നത്. മാഡ്രിഡ് എക്‌സ്ട്രായിലൂടെയായിരുന്നു റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞിരുന്നത്.

‘ഫുട്‌ബോളില്‍ നിന്നും വിരമിക്കണമെന്ന് തീരുമാനിച്ചത് ടോണി ക്രൂസ് തന്നെയാണ്. നമ്മള്‍ അത് മനസിലാക്കണം. ഞാനവന്റെ ഈ തീരുമാനത്തെ മാനിക്കുന്നു. എങ്കിലും അവന് കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അവന്റെ തീരുമാണ് എല്ലാം,’ റൊണാള്‍ഡോ പറഞ്ഞു.

2024ലെ റയലിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നാലെയാണ് ടോണി ക്രൂസ് തന്റെ ക്ലബ്ബ് ഫുട്‌ബോള്‍ യാത്ര അവസാനിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റയല്‍ മാഡ്രിഡ് തങ്ങളുടെ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.

2013ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് ടോണി ക്രൂസ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. നീണ്ട 11 വര്‍ഷക്കാലം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു അവിസ്മരണീയമായ കരിയറാണ് ടോണി കെട്ടിപ്പടുത്തിയര്‍ത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം 465 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളും 99 അസിസ്റ്റുകളുമാണ് താരം നേടിയത്.

റയല്‍ മാഡ്രിഡിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളിലും ടോണി ക്രൂസ് പങ്കാളിയായിട്ടുണ്ട്. അഞ്ച് യുവേഫ സൂപ്പര്‍ കപ്പുകള്‍, നാല് ലാ ലിഗ കിരീടങ്ങള്‍ ഒരു കോപ്പാ ഡെല്‍റേ, നാല് സൂപ്പര്‍ കപ്പുകള്‍ എന്നീ കിരീടങ്ങളാണ് ടോണി ക്രൂസ് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും സ്വന്തമാക്കിയത്.

2024 യൂറോ കപ്പിന് ശേഷമാണ് ടോണി ജര്‍മനി ദേശീയ ടീമില്‍ നിന്നും വിരമിച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനെ ജര്‍മനിക്ക് സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ യൂറോ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിന്നോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്.

Content Highlight: Cristaino Ronaldo Talks Toni Kroos Retirement in Football