വനിതാ ഏഷ്യാ കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ സ്വന്തമാക്കിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

സെപ്റ്റംബര്‍ 13ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയെയാണ് ശ്രീലങ്കയ്ക്ക് നേരിടാനുള്ളത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം പാളിയിരുന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ മുബീന അലിയെ സുഗന്ധിക കുമാരി ആദ്യ രക്തം ചിന്തി. എട്ട് പന്തില്‍ രണ്ട് റണ്‍സുമായി നിലാക്ഷി ഡി സില്‍വയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

രണ്ടാം വിക്കറ്റില്‍ ഷെവാല്‍ സുല്‍ഫിഖറും ഗുല്‍ ഫിറോസയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു അതിന് അനുവദിച്ചില്ല. അഞ്ചാം ഓവറിലെ നാലാം പന്തില്‍ 25 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് ഷെവാല്‍ സുല്‍ഫിഖറിനെ പുറത്താക്കി.

പിന്നാലെയെത്തിയ അയേഷ സഫറിനും സദാഫ് ഷാംസിനും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചില്ല. ഇരുവരും ഒറ്റയക്കത്തിന് മടങ്ങി.

എന്നാല്‍ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഫാത്തിമ സന പൊരുതാന്‍ ഉറച്ചുതന്നെയായിരുന്നു. ഒരുവശത്ത് ഗുല്‍ ഫിറോസയെ നിര്‍ത്തി മറുവശത്ത് നിന്ന് സന സ്‌കോര്‍ ഉയര്‍ത്തി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 40 റണ്‍സാണ് പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 92ല്‍ നില്‍ക്കവെ ഗുല്‍ ഫിറോസയെ ചാമുദി പ്രബോധയാണ് ലങ്കയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചത്. 32 പന്തില്‍ 21 റണ്‍സ് നേടിയായിരുന്നു ഫിറോസയുടെ മടക്കം.

ഏഴാം നമ്പറിലെത്തിയ തൂബ ഹസനൊപ്പവും സന പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 130 എന്ന നിലയില്‍ പാകിസ്ഥാന്‍ പോരാട്ടം അവസാനിപ്പിച്ചു.

ക്യാപ്റ്റന്‍ ഫാത്തിമ സന 36 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. തൂബ ഹസന്‍ പത്ത് പന്തില്‍ 12 റണ്‍സ് നേടിയും പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവും ചാമുദി പ്രബോധയും രണ്ട് വിക്കറ്റ് വീതവും സുഗന്ധിക കുമാരി ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കവും പാളിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ച് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കവെ രണ്ട് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. അഞ്ച് റണ്‍സ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരിയെ പുറത്താക്കി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ബ്രേക് ത്രൂ നേടി. തൊട്ടടുത്ത പന്തില്‍ സഞ്ജന കാവിന്ദിയെയും മടക്കിയ ഫാത്തിമ സന ശ്രീലങ്കയ്ക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

നാലാം നമ്പറിലെത്തിയ ഹാസിനി പെരേരയ്‌ക്കൊപ്പം ഓപ്പണര്‍ ഇമേഷ ദുലാനി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കിയെങ്കിലും ആ കൂട്ടുകെട്ടിന് അധികം ആയുസ് നല്‍കാതെ പാകിസ്ഥാന്‍ തിരിച്ചടിച്ചു.

എട്ട് പന്തില്‍ മൂന്ന് റണ്‍സ് നേടിയ പെരേരയെ അയേഷ സഫറിന്റെ കൈകളിലെത്തിച്ച് സാദിയ ഇഖ്ബാല്‍ പുറത്താക്കി. അടുത്ത ഓവറില്‍ 21 പന്തില്‍ 24 റണ്‍സടിച്ച ഇമേഷ ദുലാനിയെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് നഷ്ടപ്പെട്ടു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഹര്‍ഷിത സമരവിക്രമയുടെയും കവിഷ ദില്‍ഹാരിയുടെയും ചെറുത്തുനില്‍പ് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 67 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

എന്നാല്‍ 17ാം ഓവറില്‍ ഇരുവരെയും മടക്കി ക്യാപ്റ്റന്‍ ഫാത്തിമ വീണ്ടും പാകിസ്ഥാനാവശ്യമായ ബ്രേക് ത്രൂ നേടി.

31 പന്തില്‍ 36 റണ്‍സ് നേടിയ ഹര്‍ഷിതയെ ഷെവാല്‍ സുല്‍ഫിഖറിന്റെ കൈകളിലെത്തിച്ചും 33 പന്തില്‍ 33 റണ്‍സ് നേടിയ കവിഷയെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയുമാണ് താരം പുറത്താക്കിയത്.

 

എന്നാല്‍ പിന്നാലെയെത്തിയ നിലാക്ഷി ഡി സില്‍വയും (പത്ത് പന്തില്‍ 18) കൗശാനി നുത്യംഗനയും (നാല് പന്തില്‍ പത്ത്) ചേര്‍ന്ന് ലങ്കയെ ഫൈനലിലേക്ക് നയിക്കുകയായിരുന്നു.

Content highlight: Women’s Asia Cup: Sri Lanka defeated Pakistan in the 2nd semi final