വനിതാ ഏഷ്യാ കപ്പിന്റെ രണ്ടാം സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ ശ്രീലങ്ക ഗ്രൂപ്പ് എ-യില്‍ നിന്നും രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ച പാകിസ്ഥാനെ നേരിടും.

ആദ്യ സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെത്തിയ ഇന്ത്യയെയാണ് ഫൈനലില്‍ രണ്ടാം സെമിയിലെ വിജയികള്‍ക്ക് നേരിടാനുള്ളത്.

ഗ്രൂപ്പ് ബി-യില്‍ നിന്നും കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് ചമാരി അത്തപ്പത്തു എന്ന ഇതിഹാസത്തിന് കീഴില്‍ ശ്രീലങ്ക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്നത്.

മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് നാണംകെട്ട് പരാജയപ്പെട്ടെങ്കിലും ശേഷിച്ച രണ്ട് മത്സരത്തില്‍ വിജയിച്ചാണ് പാകിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചത്.

സെമി ഫൈനലില്‍ സാധ്യത കല്‍പിക്കുന്നതും ശ്രീലങ്കയ്ക്കാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മറ്റൊരു കിരീടപ്പോരാട്ടത്തിന് കൂടി മരതകദ്വീപിന്റെ മാണിക്യങ്ങള്‍ യോഗ്യത നേടും.

ശ്രീലങ്ക – പാക് സെമിയില്‍ ശ്രീലങ്കയാണ് വിജയിക്കുന്നതെങ്കില്‍ കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിന്റെ നേര്‍ക്കാഴ്ചയ്ക്കാകും ആരാധകര്‍ സാക്ഷ്യം വഹിക്കുക.

2024 ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് ശ്രീലങ്ക തങ്ങളുടെ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഏഷ്യാ കപ്പ് കിരീടം ചൂടുകയായിരുന്നു. നാല് ഫൈനലുകളില്‍ വീണ കണ്ണീരിനാണ് അന്ന് ചമാരിയുടെ ലങ്ക, ദാംബുള്ളയില്‍, സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ മറുപടി നല്‍കിയത്.

ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം ഹര്‍ഷിത സമരവിക്രമയുടെയും ചമാരി അത്തപ്പത്തുവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ മറികടക്കുകയായിരുന്നു.

എന്നാല്‍ ഇന്ന് നടക്കുന്ന സെമിയില്‍ പാകിസ്ഥാനാണ് വിജയിക്കുന്നതെങ്കില്‍ മറ്റൊരു ഇന്ത്യ – പാക് ഫൈനലിന് കൂടി ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും.

അങ്ങനെയെങ്കില്‍ മൂന്നാം തവണയാകും വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങുക. 2012ലും 2016ലുമാണ് ഇന്ത്യ – പാക് ഫൈനല്‍ മത്സരത്തിന് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ലോ സ്‌കോറിങ് ത്രില്ലര്‍ മാച്ചുകളായിരുന്നു ഇത്.

2012ല്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 81ല്‍ എറിഞ്ഞിട്ടെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ വെറും 63 റണ്‍സിന് ഇന്ത്യ പുറത്താക്കി കപ്പുയര്‍ത്തുകയായിരുന്നു. 2016ലാകട്ടെ 121 റണ്‍സ് ഡിഫന്‍ഡ് ചെയ്ത ഇന്ത്യ 17 റണ്‍സിനും വിജയം സ്വന്തമാക്കിയിരുന്നു.

2016 ഏഷ്യാ കപ്പ് കിരീടവുമായി Photo: ACC

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനെ അവരുടെ ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്‌കോറില്‍ എറിഞ്ഞിട്ടാണ് ഇന്ത്യ അനായാസ വിജയം കൈപ്പിടിയിലൊതുക്കിയത്.

നിലവിലെ സാഹചര്യങ്ങളും താരങ്ങളുടെ ഫോമും കണക്കിലെടുത്താല്‍ ഫൈനലിലും ഇതേ ഡോമിനേഷന്‍ പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.

 

Content Highlight: Women’s Asia Cup 2026: Sri Lanka vs Pakistan Semi Final