കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ മാസ്മരിക ബൗളിങ് പ്രകടനവുമായി ഇമ്രാന്‍ താഹിര്‍. സി.പി.എല്ലിലെ ഗയാന ആമസോണ്‍ വാറിയഴ്‌സ് – സെന്റ് ലൂസിയ കിങ്‌സ് മത്സരത്തിലാണ് വാറിയേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ താഹിറിന്റെ പ്രകടനം.

നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരമെന്ന നേട്ടവും ഇതോടെ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിങ്‌സ് നായകന്‍ റോസ്റ്റണ്‍ ചെയ്‌സിനെയടക്കം പുറത്താക്കിക്കൊണ്ടായിരുന്നു താഹിറിന്റെ താണ്ഡവം.

ഓപ്പണര്‍ കാമില്‍ പൂരനെ പുറത്താക്കിക്കൊണ്ടാണ് താഹിര്‍ വേട്ട ആരംഭിച്ചത്. എട്ടാം ഓവറിലെ അവസാന പന്തിലാണ്  43 റണ്‍സ് നേടിയ പൂരനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി താഹിര്‍ മടക്കിയത്. മത്സരത്തിലെ ഏറ്റവും നിര്‍ണായക നിമിഷമായിരുന്നു അത്.

തന്റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ റോസ്റ്റണ്‍ ചെയ്‌സിനെ (രണ്ട് പന്തില്‍ ഒന്ന്) വിക്കറ്റിന് മുമ്പില്‍ കുടുക്കിയും താഹിര്‍ തിരിച്ചയച്ചു.

മെക്കന്നി ക്ലാര്‍ക് (സില്‍വര്‍ ഡക്ക്), മാത്യു ഫോര്‍ഡെ (സില്‍വര്‍ ഡക്ക്), ജോഷ്വ ബിഷപ്പ് (ആറ് പന്തില്‍ അഞ്ച്) എന്നിവരെയും പുറത്താക്കിയാണ് താഹിര്‍ ഫൈഫര്‍ നേട്ടം ആഘോഷിച്ചത്.

താഹിറിന് പുറമെ മൂന്ന് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസ് വാറിയേഴ്‌സിനായി ബൗളിങ്ങില്‍ തിളങ്ങി. റൊമാരിയോ ഷെപ്പേര്‍ഡും ഡ്വെയ്ന്‍ പ്രിട്ടോറിയസുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

ഒടുവില്‍ 18.5 ഓവറില്‍ കിങ്‌സ് 119ന് പുറത്തായി. പൂരന് പുറമെ 28 പന്തില്‍ 35 റണ്‍സ് നേടിയ ഒബുസ് പിയാനീറാണ് ചെറുത്തുനിന്ന മറ്റൊരു താരം.

120 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വാറിയേഴ്‌സ് ക്വിന്റിന്‍ സാംസണിന്റെയും (11 പന്തില്‍ 37*) ഗ്ലെന്‍ ഫിലിപ്‌സിന്റെയും (40 പന്തില്‍ 37) കരുത്തില്‍ നാല് വിക്കറ്റും ഒമ്പത് പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും വാറിയേഴ്‌സിനായി. എട്ട് മത്സരത്തില്‍ ഏഴ് ജയവും ഒരു തോല്‍വിയമായി 14 പോയിന്റാണ് ടീമിനുള്ളത്.

സെപ്റ്റംബര്‍ 12നാണ് ടീമിന്റെ അടുത്ത മത്സരം. ജോര്‍ജ്ടൗണില്‍ നടക്കുന്ന മത്സരത്തില്‍ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

 

Content Highlight: Imran Tahir becomes the oldest bowler to pick 5 wickets in T20s