ചെറിയ പ്രായത്തില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ് ഉര്‍വശി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഉര്‍വശി തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിരവധി പുര്‌സ്‌കാരങ്ങളും ഉര്‍വശിയെ തേടിയെത്തിയിട്ടുണ്ട്. സമീപകാലത്ത് ചെയ്യുന്ന ഓരോ സിനിമയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രമായ ആശ റിലീസിന് തയാറെടുക്കുകയാണ്. ജോജു ജോര്‍ജ്, വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ അഭിമുഖങ്ങളില്‍ ഉര്‍വശി പറയുന്ന വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. കരിയറിന്റെ തുടക്കത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

സിനിമയിലെ തുടക്കകാലത്ത് തന്നെ ഒരുപാട് കെയര്‍ ചെയ്തവരില്‍ ഒരാള്‍ സില്‍ക്ക് സ്മിതയായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. തന്നെ ഒരുപാട് കാര്യമായിരുന്നെന്നും എപ്പോഴും സംസാരിക്കുമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്മിതയുമായുള്ള ബന്ധം മറക്കാനാകാത്തതാണെന്നും ഉര്‍വശി പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘സ്മിത എനിക്ക് സഹോദരിയെപ്പോലെയാണ്. സിനിമയിലെത്തിയ സമയത്ത് എന്നെ ഒരുപാട് പരിഗണിച്ചിട്ടുണ്ടായിരുന്നു. എന്നോട് മാത്രമേ സ്മിത സംസാരിക്കുള്ളൂ. ബാക്കി ആരോടും സംസാരിക്കില്ല. അന്നൊക്കെ ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്ന നടിമാരെ മറ്റൊരു കണ്ണിലാകും കാണുക. അതുകൊണ്ട് ആളുകളുടെ അടുത്ത് നിന്ന് മാറി ഒരു മൂലയില്‍ ഇരിക്കുകയാണ് പതിവ്. എനിക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് തരണമെന്ന് സ്മിതക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അത് നടന്നില്ല

പക്ഷേ, അന്ന് ഇന്‍ഡസ്ട്രിയിലുണ്ടായിരുന്ന നടിമാരില്‍ നിന്ന് വ്യത്യസ്തയായിരുന്നു സ്മിത. അപാരമായ കോസ്റ്റ്യൂം  സെന്‍സാണ്. ഏത് ഡ്രസ്സിട്ടാലും നല്ല ചേര്‍ച്ചയാണ്. അവരെ വെല്ലാന്‍ വേറെയാരുമില്ല. അതുപോലെ അധികം മേക്കപ്പില്ലെങ്കിലും എല്ലാവരുടെയും ശ്രദ്ധ സ്മിതയിലേക്കാകും. ബാക്കി നടിമാര്‍ കണ്ണിലും മുഖത്തുമെല്ലാം മേക്കപ്പ് വാരി പൊത്തുമ്പോള്‍ സ്മിത അതിന് തയാറാകില്ല. നല്ലൊരു സുഹൃത്തും സഹോദരിയുമായിരുന്നു അവര്‍,’ ഉര്‍വശി പറയുന്നു.

നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആശ. ഉര്‍വശിയുടെ ഗംഭീര പെര്‍ഫോമന്‍സാകും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം. മധു നീലകണ്ഠനാണ് ആശയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Urvashi shares the memories about Silk Smitha