ന്യൂദല്‍ഹി: മ്യാന്‍മറില്‍ ഭീകരവാദ പരിശീലനം നല്‍കിയ അമേരിക്കന്‍ പൗരനെ യു.എസിലേക്ക് തിരികെ വിടാന്‍ എതിര്‍പ്പില്ല എന്‍.ഐ.എ നിലപാടിനെതിരെ സി.ജെ.പി നേതാവ് അഭിജീത് ദീപ്‌കെ. അയാള്‍ വെറും തീവ്രവാദ പ്രവര്‍ത്തനമല്ലേ ചെയ്തത്, അല്ലാതെ ദേശീയ പതാക ഉയര്‍ത്താനൊന്നും ശ്രമിച്ചതല്ലല്ലോ എന്ന് ദീപ്‌കെ പറഞ്ഞു.

ഇന്ത്യയിലെത്തി അനധികൃതമായി അതിര്‍ത്തി കടന്ന് മ്യാന്‍മറിലെ ആയുധ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത മാത്യു വാന്‍ഡൈകിനേയും ആറ് ഉക്രൈന്‍ സ്വദേശികളെയും 2026 മാര്‍ച്ചില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ 2026 സെപ്തംബര്‍ 24ന് ഒരു മാസത്തേക്ക് സ്വന്തം രാജ്യത്ത് പോകാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയിരുന്നു.

ഒരു മാസത്തെ കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയ മാത്യു വാന്‍ഡൈക് ഇനി വാദം കേള്‍ക്കുന്ന ഫെബ്രുവരി 24 വരെ അമേരിക്കയില്‍ തുടരുന്നതിന് എതിര്‍പ്പില്ല എന്ന് എന്‍.ഐ.എ വെള്ളിയാഴ്ച അറിയിച്ചു. ഇതിന് പിന്നാലെയാണ് അഭിജീത് ദീപ്‌കെ വീഡിയോ പങ്കുവെച്ചത്.

‘നമ്മുടെ രാജ്യത്തിന്റെ ത്രിവര്‍ണ പതാക വീശാനൊന്നും അദ്ദേഹം ശ്രമിച്ചിട്ടില്ലല്ലോ. അദ്ദേഹം നമ്മുടെ ത്രിവര്‍ണ പതാക ഉയര്‍ത്താനാണ് ശ്രമിച്ചിരുന്നതെങ്കില്‍ അത് വലിയൊരു ദേശീയ സുരക്ഷാ ഭീഷണിയായേനെ. പക്ഷേ, അദ്ദേഹം കുറച്ച് ഭീകരര്‍ക്ക് പരിശീലനം നല്‍കുക മാത്രമാണ് ചെയ്തത്. അതുകൊണ്ട് കുഴപ്പമൊന്നുമില്ല, അത്ര വലിയ കാര്യമല്ല!’, ദീപ്‌കെ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തുന്നു എന്ന ഐ.ടി.ബി.പി മേധാവിയുടെ പ്രസ്താവനയെയും ദീപ്‌കെ പരാമര്‍ശിച്ചു.

‘ചൈനയോട് പോരാടുന്നത് പ്രയാസമാണെന്ന് നമ്മുടെ സൈന്യം തന്നെ പറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും പ്രയാസമായിരിക്കും, മോദി അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ മുഴുവന്‍ പിന്‍വലിച്ച് ദല്‍ഹിയില്‍ വിന്യസിച്ചാല്‍ പോരാട്ടം പ്രയാസമാകില്ലേ?’, ദീപ്‌കെ ചോദിച്ചു.

മാത്യു വാന്‍ഡൈകോ ഇന്ത്യ-ചൈന അതിര്‍ത്തിയോ സര്‍ക്കാരിന്റെ മുന്‍ഗണനയല്ലെന്നും ദല്‍ഹിയില്‍ ആരും പ്രതിഷേധിക്കുകയോ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യരുതെന്നുമാണ് സര്‍ക്കാരിന്റ മുന്‍ഗണനയെന്ന് ദീപ്‌കെ പറഞ്ഞു.

‘അയാളോടും പീസ് ബോണ്ട് ഒപ്പിടാന്‍ പറയണമായിരുന്നു. അല്ലെങ്കില്‍ വേണ്ട, ട്രംപ് വീണ്ടും എപ്സ്റ്റീന്‍ ഫയലിലെ ഒരു ചിത്രം പങ്കുവെച്ചാലോ’, എന്ന് വാന്‍ ഡൈകിനെ തിരിച്ചു പോകാനനുവദിച്ചുകൊണ്ടുള്ള വാര്‍ത്ത പങ്കുവെച്ച് ദീപ്‌കെ എക്‌സില്‍ കുറിച്ചിരുന്നു.

താന്‍ ശക്തനായ നേതാവാണെന്ന തോന്നല്‍ ഉണ്ടാക്കാനാണ് പ്രധാനമന്ത്രി സമരം ചെയ്യുന്നവരെ മര്‍ദിക്കുന്നതും അറസ്റ്റ് ചെയ്യുന്നതുമെന്ന് ദീപ്‌കെ പറഞ്ഞു.

‘ഇപ്പോള്‍ മോദിജിക്കും ശക്തനാണെന്ന് തോന്നണ്ടേ! ചൈനയെ നോക്കി കണ്ണുരുട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. ട്രംപ് അദ്ദേഹത്തെ ഒന്നും തുറന്നുപറയാന്‍ പോലും അനുവദിക്കുന്നില്ല. അപ്പോള്‍ ‘ശക്തനായ നേതാവ്’ എന്ന പ്രതിച്ഛായ നിലനിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണമല്ലോ! അതുകൊണ്ട് തെരുവുകളില്‍ വിദ്യാര്‍ഥികളെ മര്‍ദിക്കും. അവരെ റോഡിലൂടെ വലിച്ചിഴയ്ക്കും. ത്രിവര്‍ണ പതാക ഉയര്‍ത്തിയതിന് അവരെ കസ്റ്റഡിയിലെടുക്കും. എല്ലാം ആ ‘ശക്തനായ നേതാവ്’ എന്ന തോന്നല്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ്’, ദീപ്‌കെ പറഞ്ഞു.

ജന്തര്‍ മന്തറില്‍ ദേശീയ പതാകയുമായി പ്രതിഷേധിച്ചതിന് സി.ജെ.പി നേതാക്കളായ അശുതോഷ് രങ്കയെയും സൗരവ് ദാസിനെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങളോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്നു.

Content Highlight: Abhijeet Dipke attacks  central government for India-China border issues and granting bail to US citizen Mathew Van Dyke.