യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണിനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തുടര്‍ച്ചയായ മൂന്നാം കിരീടമെന്ന മോഹവുമായി പി.എസ്.ജി കളത്തിലിറങ്ങുമ്പോള്‍ ഒരിക്കല്‍ സ്വന്തമാക്കിയ സാമ്രാജ്യം വീണ്ടും പടുത്തുയര്‍ത്താനാണ് ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും അടക്കമുള്ള ടീമുകള്‍ പടയൊരുക്കം നടത്തുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഡോമിനേറ്റിങ് ടീമായ റയല്‍ മാഡ്രിഡും ഇത്തവണ കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കളത്തിലിറങ്ങുന്നത്. ഇതിഹാസ പരിശീലകന്‍ ജോസേ മൗറീന്യോയെന്ന മാസ്റ്റര്‍ ടാക്ടീഷ്യന് കീഴില്‍ അടവുകള്‍ പതിനെട്ടും പയറ്റി യൂറോപ്യന്‍ കിരീടം ഒരിക്കല്‍ക്കൂടി സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിക്കുക എന്നത് മാത്രമാകും റയലിന്റെ ലക്ഷ്യം.

കിരീടവുമായി റയല്‍ മാഡ്രിഡ്‌

തങ്ങളുടെ 56ാം യുവേഫ ചാമ്പ്യന്‍സ് ലീഗ് (യൂറോപ്യന്‍ കപ്പ്) സീസണിലാണ് റയല്‍ പന്തുതട്ടാനൊരുങ്ങുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവുമധികം സീസണ്‍ കളിച്ച ടീം എന്ന നേട്ടം ഓരോ സീസണിലും തിരുത്തുന്ന റയല്‍ ഇത്തവണയും സ്വന്തം ചരിത്രം തിരുത്താന്‍ ഉറച്ചുതന്നെയാണ്.

നിലവില്‍ 50ലധികം സീസണ്‍ കളിച്ച ഏക ടീമും റയല്‍ മാഡ്രിഡ് മാത്രമാണ്.

ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ്/ യൂറോപ്യന്‍ കപ്പ് സീസണുകള്‍

(ടീം സീസണ്‍ എന്നീ ക്രമത്തില്‍)

റയല്‍ മാഡ്രിഡ് – 56

ബയേണ്‍ മ്യൂണിക് – 42

ബെന്‍ഫിക്ക – 42

യുവന്റസ് – 39

ബാഴ്‌സലോണ – 36

പോര്‍ട്ടോ – 36

ഏറ്റവുമധികം യു.സി.എല്‍ സീസണ്‍ കളിച്ച റയല്‍ മാഡ്രിഡ് തന്നെയാണ് ഏറ്റവുമധികം തവണ കിരീടം നേടിയതും. 15 തവണയാണ് റയല്‍ യൂറോപ്പിന്റെ ചാമ്പ്യന്‍മാരായിട്ടുള്ളത്.

ഈ ലിസ്റ്റില്‍ രണ്ടാമതുള്ള എ.സി മിലാനെക്കാള്‍ ഇരട്ടിയിലധികം ട്രോഫികള്‍ റയല്‍ സ്വന്തമാക്കിയിട്ടുണ്ട് എന്നത് അവരുടെ ഡോമിനന്‍സ് അടിവരയിടുന്നതാണ്.

ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ്/ യൂറോപ്യന്‍ കപ്പ് സ്വന്തമാക്കിയ ടീമുകള്‍

(ടീം കിരീടം എന്നീ ക്രമത്തില്‍)

റയല്‍ മാഡ്രിഡ് – 15

എ.സി മിലാന്‍ – 7

ബയേണ്‍ മ്യൂണിക് – 6

ലിവര്‍പൂള്‍ – 6

ബാഴ്‌സലോണ – 5

അയാക്‌സ് – 4

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – 3

ഇന്റര്‍ മിലാന്‍ – 3

അതേസമയം, ഈ സീസണില്‍ ഇന്റര്‍ മിലാന്‍, ആര്‍.ബി ലെപ്‌സീഗ്, പി.എസ്.വി ഐന്തോവാന്‍, LASK, എ.എസ്. റോമ, എ.ഇ.കെ ഏഥന്‍സ്, ആഴ്‌സണല്‍, ഷാക്തര്‍ ഡോണെറ്റ്‌സ്‌ക് എന്നിവര്‍ക്കെതിരെയാണ് റയല്‍ കളത്തിലിറങ്ങുക.

ഇതില്‍ ഇന്റര്‍ മിലാന്‍, ആര്‍.ബി ലെപ്‌സീഗ്, പി.എസ്.വി ഐന്തോവാന്‍, LASK എന്നിവരെ സ്വന്തം തട്ടകത്തിലും ആഴ്‌സണല്‍ അടക്കമുള്ള മറ്റ് ടീമുകളെ അവരുടെ മടയിലെത്തിയുമാണ് റയല്‍ നേരിടുക.

ലീഗ് ഘട്ടത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് റയലിന്റെ ആദ്യ മത്സരം. ബെര്‍ണാബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ഇറ്റാലിയന്‍ വമ്പന്‍മായ ഇന്റര്‍ മിലാനാണ് എതിരാളികള്‍.

 

Content Highlight: Real Madrid set to play their 56th UEFA Champions League season.