റോം: വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള വ്യാപാരബന്ധങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍.

ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഒരല്‍പ്പം മാന്യത കാണിക്കാന്‍ പ്രതിപക്ഷപാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്റിന്റെ നേതാവ് ജുസെപ്പെ കോന്റെ ആവശ്യപ്പെട്ടു. മറ്റു രാജ്യങ്ങളുടെ തീരുമാനത്തില്‍ പങ്കുചേരാതിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച കോന്റെ, ഉപരോധമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലിനെ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടു. 12 രാജ്യങ്ങളാണ് ഉപരോധമേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എല്ലി ഷ്ളീനും ഇറ്റലിയുടെ നയത്തെ അപലപിച്ചു. ഇത് നാണംകെട്ട നടപടി ആണെന്നും ഇരട്ടത്താപ്പ് ഒഴിവാക്കാനും അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കാനുമുള്ള മറ്റൊരവസരം കൂടി സര്‍ക്കാര്‍ നഷ്ടപ്പെടുത്തുകയാണെന്നും എല്ലി ഷ്ളീന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ വിദേശകാര്യമന്തി ആന്റോണിയോ ടജാനി ഇറ്റലിയുടെ തീരുമാനത്തെ ന്യായീകരിച്ചു. ഈ തീരുമാനം രാജ്യങ്ങള്‍ ഒറ്റക്ക് എടുക്കേണ്ടതല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ തലത്തില്‍ സംയുക്തമായി എടുക്കേണ്ടതാണതാണെന്നുമാണ് ടജാനി പറഞ്ഞത്.

യൂറോപ്യന്‍ യൂണിയനുള്ളില്‍ ആഭ്യന്തരപ്രശ്നം ഒഴിവാക്കാന്‍ ഒരുമിച്ചൊരു തീരുമാനം എടുക്കേണ്ടത് ആവശ്യമാണെന്നും ടജാനി പറഞ്ഞു. തീരുമാനത്തില്‍ പങ്കുചേര്‍ന്ന യു.കെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല എന്ന് ടജാനി ഓര്‍മ്മിപ്പിച്ചു.

ഫ്രാന്‍സ്, യുകെ, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍ പോളണ്ട്, സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങളാണ് വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായി വ്യപാരബന്ധങ്ങള്‍ക്ക് ഉപരോധമേര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.

വെസ്റ്റ് ബാങ്കിലെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ് ഇത്. ഇസ്രഈല്‍ കുടിയേറ്റകേന്ദ്രങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

ഫലസ്തീനിലേക്കുള്ള ഇസ്രയേലിന്റെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നതിനോ ഫലസ്തീന്‍ ജനതയെ കുടിയിറക്കുന്നതിനോ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ചെയ്തു.

ഈസ്റ്റ് ജറുസലേമിനും മാലെ അദുമിമിനും ഇടയിലായി ആസൂത്രണം ചെയ്തിട്ടുള്ള ഇ1സെറ്റില്‍മെന്റ് പ്രൊജക്ടിനെതിരെ ഇറ്റലിയും ഫ്രാന്‍സും ജര്‍മനിയും ചേര്‍ന്ന് ആഗസ്റ്റില്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ഈ പദ്ധതി വെസ്റ്റ് ബാങ്കിനെ ഈസ്റ്റ് ജറുസലേമില്‍ നിന്നും കൂടുതല്‍ ഒറ്റപ്പെടുത്തുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഫലസ്തീന്‍ രാഷ്ട്രരൂപീകരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി എന്നാണ് ഇ1 പ്രൊജക്ടിനെ ഇസ്രഈല്‍ ധനകാര്യമന്ത്രി ബെസെലേല്‍ സ്മോട്രിച്ച് വിശേഷിപ്പിച്ചത്.

Content Highlight: Italian opposition slams government for not joining sanctions on illegal Israeli settlements