നിലവില്‍ സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയിലെ മിനിമം ഗ്യാരണ്ടിയുള്ള നടി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, മമിത ബൈജു. ചെറിയ റോളുകളിലൂടെ കരിയറാരംഭിച്ച് ഇന്ന് തമിഴിലും മലയാളത്തിലും തിരക്കുള്ള നായികയായി മാറിയ മമിത ഓരോ സിനിമയിലും തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിക്കുന്നുണ്ട്. ഓരോ സിനിമയും ശ്രദ്ധാപൂര്‍വമാണ് മമിത തെരഞ്ഞെടുക്കുന്നത്.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ചരിത്രവിജയത്തിലേക്ക് നടന്നടുക്കുകയാണ്. ബോക്‌സ് ഓഫീസില്‍ 275 കോടിയും കടന്ന് കുതിക്കുന്ന ചിത്രം അധികം വൈകാതെ ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം മമിതയുടെ മൂന്നാമത്തെ 200 കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങളാണ് മമിതയുടേതായി 200 കോടി ക്ലബ്ബിലെത്തുന്നത്. വിജയ്‌ക്കൊപ്പമുള്ള ജന നായകനാണ് ആദ്യം റിലീസായത്. നിര്‍മാതാവിന് വലിയ ലാഭമില്ലെങ്കിലും ചിത്രം 300 കോടിക്ക് മുകളില്‍ നേടിയിരുന്നു. സൂര്യയുടെ നായികയായെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സും 200 കോടി നേടിയിരുന്നു. ഇപ്പോഴിതാ ഹാട്രിക് 200 കോടി നേടിയതോടെ ഒരു അപൂര്‍വ ലിസ്റ്റില്‍ മമിത ഇടംപിടിച്ചിരിക്കുകയാണ്.
ഒരു വര്‍ഷം തന്നെ മൂന്ന് സിനിമകള്‍ 200 കോടി ക്ലബ്ബിലെത്തിച്ച മൂന്നാമത്തെ നടിയാണ് മമിത. ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ദീപിക പദുകോണും ആലിയ ഭട്ടുമാണ് ഈ നേട്ടത്തില്‍ മുന്‍പ് ഇടംപിടിച്ചത്. 2013ല്‍ ദീപികയുടെ യേ ജവാനി ഹേ ദീവാനി, ചെന്നൈ എക്‌സ്പ്രസ്, രാം ലീല എന്നീ ചിത്രങ്ങള്‍ 200 കോടി നേടിയിരുന്നു.

2022ല്‍ ആലിയ ഭട്ടിന്റെ ഗംഗുഭായ്, ആര്‍.ആര്‍.ആര്‍, ബ്രഹ്‌മാസ്ത്ര എന്നീ ചിത്രങ്ങള്‍ 200 കോടിക്ക് മുകളില്‍ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ ലിസ്റ്റില്‍ മലയാളത്തിന്റെ മമിതയും ഇടംപിടിച്ചിരിക്കുകയാണ്. മൂന്ന് സിനിമകളിലും നായകനൊപ്പം നില്‍ക്കുന്ന പെര്‍ഫോമന്‍സായിരുന്നു മമിതയുടേതെന്നും എടുത്തുപറയണം. ജന നായകനില്‍ വിജയ്‌ക്കൊപ്പം ആദ്യാവസാനം നിറഞ്ഞുനിന്നപ്പോള്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സിനെ പലപ്പോഴും താങ്ങി നിര്‍ത്തിയത് മമിതയായിരുന്നു.
വെറുതേ ഐ ക്യാന്‍ഡി റോളുകള്‍ ചെയ്യാതെ തന്നിലെ പെര്‍ഫോമര്‍ക്ക് വെല്ലുവിളിയാകുന്ന കഥാപാത്രം ചെയ്യാനും സിനിമ മികച്ചതാക്കാനും മമിത നല്‍കുന്ന എഫര്‍ട്ട് എടുത്തുപറയേണ്ടതാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ലെവലില്‍ ഒരുപാട് കാലം മമിതക്ക് തിളങ്ങാനാകുമെന്ന് ഉറപ്പാണ്.
Content Highlight: Mamitha Baiju’s Hat trick 200 club movies
