നാടകത്തിൽ നിന്നും സിനിമയിലേക്കെത്തിയ നടന്മാരിൽ ഒരാളാണ് ജയശങ്കർ കാരിമുട്ടം. തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദനനുമായുള്ള സൗഹൃദം വഴിയാണ് താരം സിനിമയിലേക്കെത്തുന്നത്. വധു ഡോക്ടറാണ് എന്ന സിനിമയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമ കരിയർ ഇപ്പോഴെത്തി നിൽക്കുന്നത് ബെത്‌ലഹേം കുടുംബ യൂണിറ്റിലാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിലുണ്ടായ അനുഭവങ്ങളും ഓർമകളും മാതൃഭൂമി ന്യൂസുമായുള്ള അഭിമുഖത്തിൽ പങ്ക് വയ്ക്കുകയായിരുന്നു ജയശങ്കർ കാരിമുട്ടം.

‘സിനിമയുടെ വിജയത്തിന്റെ കാര്യം പറഞ്ഞു കഴിഞ്ഞാൽ ഞാൻ ഒരു 94 മുതലാണ് സിനിമ ചെയ്യാൻ തുടങ്ങിയത്. ഇതുവരെയും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ആ അന്തരീക്ഷം ഒന്നും അല്ലായിരുന്നു ഇവിടെ, ഒരുപക്ഷേ അതായിരിക്കും ആ സിനിമയുടെ വിജയത്തിന്റെ പിന്നാമ്പുറമായിട്ട് എനിക്ക് തോന്നുന്നത്. അതായത് എനിക്ക് ഇതുവരെ ഒരു സിനിമ ചെയ്തിട്ടും ഇല്ലാത്ത ഒരു അന്തരീക്ഷം ആയിരുന്നു അവിടെ.

ആമേൻ.Photo.Screen Grab/Youtube.com

അത്രക്ക് സ്നേഹവും സന്തോഷവും നിറഞ്ഞ ഷൂട്ട് ഡേയ്സ് ആയിരുന്നു. അത് വിജയിച്ചില്ലെങ്കിലേ അതിശയമുള്ളൂ. ഒരു 100 ദിവസം ഒക്കെ ഷൂട്ട് ചെയ്‌തെന്ന് പറഞ്ഞാൽ പോലും എല്ലാരും തമ്മിലുള്ളൊരു ബന്ധങ്ങൾ അങ്ങനെയായിരുന്നു. അത്രക്കും സ്നേഹത്തോടെ ചെയ്ത പടമാണത്.’ ജയശങ്കർ പറഞ്ഞു.

സിനിമയിൽ തന്റെ മകളായ് അഭിനയിച്ച മമിതാ ബൈജു മികച്ച ആക്ടറും നല്ലൊരു സ്വഭാവത്തിനുടമയാണെന്നും നടൻ കൂട്ടിച്ചേർത്തു. താൻ ഒരു നാട്ടിൻപുറത്തുകാരനായതിനാൽ ബെത്‌ലഹേമിലെ അച്ഛനാവാൻ എളുപ്പമായിരുന്നെന്നും നടൻ പറഞ്ഞു. താൻ മൂന്നോ നാലോ വട്ടം ബെത്‌ലഹേം തിയേറ്ററിൽ പോയി കണ്ടെന്നും ഓരോ തവണ കാണുമ്പോഴും ഈ സിനിമ കൂടുതൽ ഇഷ്ടപെടുകയാണുണ്ടായതെന്നും നടൻ വ്യക്തമാക്കി.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന സിനിമയിലെ വിഷക്കോൽ പാപ്പി എന്ന കഥാപാത്രമാണ് അദ്ദേഹത്തിന് ജനശ്രദ്ധ നേടിക്കൊടുത്ത ചിത്രം. പിന്നീട് വന്ന പ്രേമത്തിലെ പ്യൂൺ, ദൃശ്യത്തിലെ പത്രോസ്, ഞാൻ പ്രകാശനിലെ അച്ഛൻ, മഹേഷിന്റെ പ്രതികാരത്തിലെ നാട്ടിൻപുറത്തുകാരനായ കഥാപാത്രം എന്നിവയെല്ലാം ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.

Content Highlight: Jayasanker Karimuttam stated that it was a film made with so much love, and that would be the reason behind the success of Bethlehem.