ഹേഗ്: ഇസ്രഈലിന് ആയുധം വിറ്റ് 1948ലെ ജെനൊസൈഡ് കണ്‍വെന്‍ഷന്റെ ലംഘനമാണ് ജര്‍മനി നടത്തുന്നതെന്ന് ആരോപിച്ച് നിക്കരാഗ്വെ അന്താരാഷ്ട്രനീതിന്യായ കോടതിയില്‍. അന്താരാഷ്ട്രനിയമങ്ങള്‍ കാറ്റില്‍ പറത്തി ഗസയിലെ വംശഹത്യയ്ക്ക് ജര്‍മനി സഹായം ചെയ്തുകൊടുക്കുകയാണെന്ന് നിക്കരാഗ്വെ വാദിച്ചു. ജര്‍മനി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

അമേരിക്ക കഴിഞ്ഞാല്‍ ഇസ്രഈലിന് ഏറ്റവും കൂടുതല്‍ ആയുധം എത്തിക്കുന്നത് ജര്‍മനിയാണ്. ഇസ്രഈലിന് ജര്‍മനി ആയുധം നല്‍കി സഹായം ചെയ്തുകൊടുക്കുന്നുവെന്നാരോപിച്ച് 2024 ല്‍ നിക്കരാഗ്വെ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരുന്നു.

ഇതില്‍ വാദം നടക്കുമ്പോഴാണ് ജര്‍മനിക്കെതിരെ അന്താരാഷ്ട്രനിയമം ലംഘിച്ചുവെന്ന് നിക്കരാഗ്വെ വീണ്ടും ആരോപണമുന്നയിച്ചത്. ജര്‍മനിക്കെതിരെയാണ് കേസ് എങ്കിലും പരോക്ഷമായി ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ ഉന്നം വെക്കുന്നതാണ് നിക്കരാഗ്വെയുയര്‍ത്തുന്ന ആരോപണങ്ങള്‍.

നടപടിക്രമങ്ങളില്‍ കക്ഷിയല്ലെങ്കിലും തങ്ങളുടെ പ്രവര്‍ത്തികള്‍ വംശഹത്യയാണെന്ന ആരോപണങ്ങള്‍ ഇസ്രഈല്‍ നിഷേധിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരപരിധിയുണ്ടോ എന്ന ജര്‍മനിയുടെ ചോദ്യത്തില്‍ വാദം കേള്‍ക്കുകയായിരുന്നു തിങ്കളാഴ്ച.

1979ലെ സാന്റിനിസ്റ്റ വിപ്ലവത്തില്‍ ഫലസ്തീന്‍ സംഘടനകള്‍ നിക്കരാഗ്വെയ്ക്ക് പിന്തുണ നല്‍കിയിരുന്നു. ചരിത്രപരമായി ഫലസ്തീനും നിക്കരാഗ്വെക്കും
ഇടയില്‍ ദൃഡമായ ബന്ധമുണ്ട്.

വിദേശശക്തികള്‍ക്കെതിരെ പോരാടിയതിന്റെ ചരിത്രം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. ഇപ്പോള്‍ നടക്കുന്ന നിയമപോരാട്ടങ്ങള്‍ ആ ബന്ധത്തിന്റെ ബാക്കിപത്രമാണ്.
2023ല്‍ ദക്ഷിണാഫ്രിക്കയും ഇസ്രഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചിരുന്നു

‘ഇസ്രഈലിനും ജര്‍മനിക്കും ഇടയിലുള്ള രാഷ്ട്രീയ-വാണിജ്യ-സൈനിക ബന്ധങ്ങള്‍ വെച്ച് ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെക്കുറിച്ച് അറിവുണ്ടാകേണ്ടതാണ്’, നിക്കരാഗ്വയുടെ ഉന്നത അഭിഭാഷകന്‍ കാര്‍ലോസ് ഹോസെ ആര്‍ഗ്വല്ലോ ഗോമസ് കോടതിയില്‍ പറഞ്ഞു.

നിക്കരാഗ്വെ കേസ് അന്യായമായി ഫയല്‍ ചെയ്തതാണെന്നും തള്ളിക്കളയണമെന്നും ജര്‍മനി കോടതിയോട് പറഞ്ഞു.

‘ജര്‍മനിയുടെ ഭാഗം കേള്‍ക്കാന്‍ താല്‍പര്യമില്ല എന്ന് നിക്കരാഗ്വെയുടെ പെരുമാറ്റത്തിലൂടെ മനസിലായിക്കഴിഞ്ഞു. ജര്‍മനിയെ കോടതിയ്ക്ക് മുന്നിലെത്തിക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം’, ജര്‍മനിയുടെ അഭിഭാഷക ജൂലിയ മൊണാര്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കേസിന്റെ അധികാരപരിധി സംബന്ധിച്ച വിധി വരുമെന്നാണ് പ്രതീക്ഷ. കേസുമായി നിക്കരാഗ്വെ മുന്നോട്ട് പോയാല്‍ കോടതിനടപടികള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുക്കും.

Content Highlight: Germany violates international laws by selling arms to Israel: Nicaragua at the International Court of Justice.