ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് വന്നതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് ടോക്‌സിക്. മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടും ഇന്ത്യ മുഴുവന്‍ ഓടിനടന്നുള്ള പ്രൊമോഷനും ചിത്രത്തെ രക്ഷിച്ചില്ല. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ വാഷൗട്ടായ ടോക്‌സിക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

650 കോടിയിലേറെ ചെലവഴിച്ച ചിത്രത്തിന് ഇതുവരെ ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത് വെറും 340 കോടിയാണ്. രാധേ ശ്യാം, കങ്കുവ, ഗെയിം ചേഞ്ചര്‍, രാജാസാബ് എന്നീ സിനിമകളെക്കാള്‍ വലിയ പരാജയമായി ടോക്‌സിക് മാറുമെന്ന് ഏറെക്കുറെ ഉറപ്പായി. നിര്‍മാതാക്കള്‍ക്ക് ചിത്രം വരുത്തിവെച്ച നഷ്ടം എത്രയെന്ന് കണക്കുകൂട്ടുകയാണ് സിനിമാപേജുകള്‍.

 

റിലീസിന് മുമ്പ് വലിയൊരു തുക ഡിജിറ്റല്‍ റൈറ്റ്‌സിന് ഓഫര്‍ ചെയ്‌തെങ്കിലും ആ തുകയില്‍ നിര്‍മാതാവ് കൂടിയായ യഷിന് തൃപ്തി വന്നിരുന്നില്ല. റിലീസിന് ശേഷം വലിയൊരു തുക ലഭിക്കുമെന്ന കണക്കുകൂട്ടലിന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. റിലീസിന് മുമ്പ് 125 കോടി വരെ മുന്‍നിര ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഓഫര്‍ ചെയ്തിരുന്നു. ഇതിന് പുറമെ തിയേറ്ററില്‍ നിന്ന് നേടുന്ന ഓരോ 100 കോടിക്കും 20 കോടി അധികം നല്‍കാമെന്നും ഈ ഓഫറില്‍ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ തിയേറ്ററില്‍ തകര്‍ന്നടിഞ്ഞതോടെ ടോക്‌സിക്കിനെ വാങ്ങാന്‍ പല പ്ലാറ്റ്‌ഫോമുകളും മടിക്കുകയാണ്. 50 കോടി വരെയാണ് പലരുടെയും മാക്‌സിമം ഓഫര്‍. റിലീസിന് മുമ്പ് ലഭിച്ച ഓഫര്‍ വേണ്ടെന്നു വെച്ച യഷ് വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് പലരും അഭിപ്രായപ്പെടുന്നു. താരത്തിന്റെ ഓവര്‍ കോണ്‍ഫിഡന്‍സ് ചതിച്ചെന്നും കമന്റുകളുണ്ട്.

Photo: screen grab/ kvn productions/ youtube.com

എന്നാല്‍ ഇതിനെക്കാളേറെ ഞെട്ടിക്കുന്നത് ടോക്‌സിക് ആകെ വരുത്തിവെച്ച നഷ്ടത്തിന്റെ കണക്കാണ്. മേക്കിങ്, പ്രൊമോഷന്‍ തുടങ്ങി സകല കാര്യത്തിനും കൂടി 800 കോടിക്കടുത്ത് നിര്‍മാതാക്കള്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ബി ഫില്‍മി ട്വീറ്റ്‌സ് എന്ന പേജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിയേറ്റര്‍ ഷെയറും മറ്റ് റൈറ്റ്‌സുമെല്ലാം ചേര്‍ത്ത് 350 കോടിക്കടുത്ത് മാത്രമേ നിര്‍മാതാക്കള്‍ക്ക് തിരികെ കിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അത് ശരിയാണെങ്കില്‍ 550 കോടിയുടെ നഷ്ടമാകും ടോക്‌സിക് വരുത്തിവെക്കുക. കന്നഡയിലെ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പരാജയമായി ടോക്‌സിക് മാറിക്കഴിഞ്ഞു. കെ.ജി.എഫിലൂടെ ശ്രദ്ധ നേടിയ യഷ് തൊട്ടടുത്ത ചിത്രത്തില്‍ പ്രേക്ഷകരെ നിരാശരാക്കിയതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ടോക്‌സിക് ഉണ്ടാക്കിയ നഷ്ടത്തിന്റെ റെക്കോഡ് അടുത്താന്നും വേറൊരു സിനിമയും തകര്‍ക്കില്ലെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Reports that overall loss of Toxic movie is nearly 550 crores