മോളിവുഡിലെ ഏറ്റവും വലിയ ബ്രാന്‍ഡെന്ന് വിശേഷിപ്പിക്കാവുന്ന ഫ്രാഞ്ചൈസിയാണ് ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമെന്ന നാഴികക്കല്ലിലെത്തിയ ദൃശ്യം പല ഭാഷകളിലും റീമേക്ക് ചെയ്യുകയും ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ദൃശ്യത്തിന്റെ മൂന്നാം ഭാഗവും ചരിത്രവിജയമായി മാറി.

ദൃശ്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ മലയാളത്തിന് പുറമെ വേറെയും നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്‌തെങ്കിലും മൂന്നാം ഭാഗത്തില്‍ ആ ഒരു കാര്യം നടന്നിട്ടില്ല. ഹിന്ദിയില്‍ മാത്രമാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ദൃശ്യം 3 മലയാളം വേര്‍ഷന്റെ റിലീസിന് മുമ്പ് ഒരുപാട് വിവാദങ്ങള്‍ റീമേക്കിനെ ചൊല്ലി വരികയും ചെയ്തു. ചിത്രത്തിന്റെ റൈറ്റ്‌സ് മുഴുവന്‍ ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കിയതെല്ലാം അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ഹിന്ദിയിലെ ദൃശ്യം 3യുടെ ട്രെയ്‌ലര്‍ പുറത്തുവന്നിരിക്കുകയാണ്.

മലയാളത്തില്‍ നിന്ന് പാടെ മാറി പുതിയ കഥയോടെയാണ് ദൃശ്യം: ദി കണ്‍ക്ലൂഷന്‍ ഒരുക്കിയിട്ടുള്ളതെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. ഏതെങ്കിലും മലയാളസിനിമയുടെ ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലറിനെ കുറ്റം പറയുന്ന മലയാളം സിനിമാപേജുകള്‍ ഹിന്ദി ദൃശ്യത്തെ വാനോളം പുകഴ്ത്തുകയാണ്. സ്ഥിരം തട്ടിക്കൂട്ട് റീമേക്കാകുമെന്ന് വിചാരിച്ചവരുടെ മുന്നിലേക്ക് തീപ്പൊരി ഐറ്റമാണ് ബോളിവുഡ് പടച്ചുവിട്ടിരിക്കുന്നത്.

തിയേറ്ററില്‍ വലിയ കളക്ഷന്‍ നേടി ഒ.ടി.ടിയില്‍ ട്രോള്‍ മെറ്റീരിയലായ മലയാളം വേര്‍ഷനെക്കാള്‍ പതിന്മടങ്ങ് മികച്ചതാണ് ഹിന്ദി വേര്‍ഷനെന്ന് പലരും അഭിപ്രായപ്പെടുന്നു. ജീത്തുവിന്റെ സീരിയല്‍ ലെവല്‍ മേക്കിങ്ങിനെയെല്ലാം കുറ്റം പറഞ്ഞവര്‍ ഹിന്ദി വേര്‍ഷനെ അഭിനന്ദിക്കുകയാണ്. വമ്പന്‍ പൊട്ടന്‍ഷ്യലുള്ള ഫ്രാഞ്ചൈസിയുടെ കഥയില്‍ കല്യാണം മുടക്കലും പരസ്യം കുത്തിക്കയറ്റലുമൊക്കെ ചെയ്ത് അലമ്പാക്കിയ ജീത്തു ബോളിവുഡിനെ കണ്ട് പഠിക്കാനും ചിലര്‍ അഭിപ്രായപ്പെടുന്നു.

റീമേക്ക് റൈറ്റ്‌സ് വാങ്ങിയെങ്കിലും വ്യത്യസ്തമായ കഥയാണ് ഹിന്ദിയിലെ ദൃശ്യം 3യുടേത്. ബേസിക് ഐഡിയ മാത്രം എടുത്ത് കഥ മൊത്തം പൊളിച്ചെഴുതിയതിന്റെ ലക്ഷണങ്ങള്‍ ട്രെയ്‌ലറിലുണ്ട്. മലയാളത്തിലെ അണിയറപ്രവര്‍ത്തകര്‍ ദൃശ്യത്തിന് നാലും അഞ്ചും ഭാഗങ്ങളെടുത്ത് മടുപ്പിക്കാന്‍ നോക്കുമ്പോള്‍ ഹിന്ദിയില്‍ ഈയൊരൊറ്റ ഭാഗത്തോടെ അവസാനിപ്പിക്കാനാണ് പ്ലാന്‍. ദൃശ്യം: ദി കണ്‍ക്ലൂഷന്‍ എന്ന പേര് പോലും അതിന് ഉദാഹരണമാണ്.

ദൃശ്യം 2നെക്കാള്‍ വ്യത്യസ്തമായാണ് മൂന്നാം ഭാഗം ഒരുക്കിയതെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. രണ്ടാം ഭാഗത്തില്‍ നായകനെ വിറപ്പിച്ച അക്ഷയ് ഖന്ന ഇക്കുറിയില്ല. പകരം പുതിയ ചില കഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. പ്രകാശ് രാജിന്റെ കഥാപാത്രമാണ് അതിലൊന്ന്. വിജയ് സാല്‍ഗോങ്കറെ (ഹിന്ദിയിലെ ജോര്‍ജുകുട്ടി) നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാകും പ്രകാശ് രാജിന്റേത്.

അജയ് ദേവ്ഗണ്‍, തബു, ശ്രിയ, പ്രകാശ് രാജ് എന്നിവരെല്ലാവരും ഉണ്ടെങ്കിലും ട്രെയ്‌ലറില്‍ സ്‌കോര്‍ ചെയ്തത് ജയ്ദീപ് അഹ്ലാവത്താണ്. വിജയ്‌യെ പൂട്ടാനെത്തുന്ന ക്രൈം ബ്രാഞ്ച് എസ്.പിയായാണ് ജയ്ദീപ് വേഷമിടുന്നത്. ബോളിവുഡിലെ ആക്ടിങ് പവര്‍ ഹൗസ് ദൃശ്യം 3യിലെ ഷോ സ്റ്റീലറാകുമെന്ന് ഉറപ്പാണ്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Content Highlight: Malayalam cinema pages appreciating Drishyam 3 Hindi remake