ബാഴ്സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിക്ക് ക്ലബ് അര്‍ഹിക്കുന്ന രീതിയിലുള്ള യാത്രയയപ്പ് നല്‍കണമെന്ന് സ്പാനിഷ് താരം പെഡ്രി. മെസി ബാഴ്‌സലോണയുടെ എക്കാലത്തെയും മികച്ച താരമാണെന്നും അദ്ദേഹത്തോടൊപ്പം കൂടുതല്‍ കാലം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു എന്നും പെഡ്രി പറഞ്ഞു.
‘ഈ ക്ലബ്ബിലെ എക്കാലത്തെയും മികച്ച താരമാണ് മെസി. എനിക്കും മെസി ഏറ്റവും മികച്ച താരമാണ്. മെസി ഒരു വലിയ വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നുണ്ട്. മെസിക്കൊപ്പം കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. പക്ഷെ ഒരു വര്‍ഷം മാത്രമാണ് കളിക്കാനായത്. അദ്ദേഹത്തോടൊപ്പം കൂടുതല്‍ കാലം കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു,’ പെഡ്രി ഡിസ്‌പോര്‍ട്ടിലൂടെ പറഞ്ഞു.

ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്‌ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബര്‍ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.
672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങള്‍, രണ്ട് കോപ്പ കിരീടങ്ങള്‍, ഏഴ് കോപ്പ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സക്കൊപ്പം നേടിയത്.
2021ലാണ് മെസി 21 വര്‍ഷത്തെ ബാഴ്‌സയിലെ തന്റെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാര്‍ അവസാനിക്കുമ്പോള്‍ ബാഴ്‌സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറില്‍ ഏര്‍പ്പെടാന്‍ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.
ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.
അതേസമയം അടുത്തിടെയാണ് മെസി ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
Content Highlight: Pedri Talking About Legend Lionel Messi
