മാസ് സിനിമകളില്‍ നായകന്‍ ശക്തനാണെന്ന് കാണിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് ബില്‍ഡപ്പ് ഡയലോഗുകള്‍. ചെറിയ ഏതെങ്കിലും കഥാപാത്രങ്ങളെ വെച്ച് നായകന് അസാധ്യമായതായി ഒന്നുമില്ലെന്ന് പറയുന്ന ബില്‍ഡപ്പ് സീനുകള്‍ പലപ്പോഴും തിരിച്ചടിയാകാറുണ്ട്. മികച്ച രീതിയിലുള്ള സ്‌റ്റേജ് സെറ്റിങ്ങും അതിനൊത്ത പെര്‍ഫോമന്‍സുമുണ്ടെങ്കില്‍ മാത്രമേ ഇത്തരം സീനുകള്‍ വര്‍ക്കാവുകയുള്ളൂ.
കെ.ജി.എഫില്‍ നായകനായ റോക്കി ഭായ്‌യെ പുകഴ്ത്താനായി ധാരാളം കഥാപാത്രങ്ങളുണ്ട്. ഇതില്‍ ഒന്നുപോലും മോശമായി പ്രേക്ഷകര്‍ക്ക് തോന്നാത്തിടത്താണ് എഴുത്തുകാരന്റെ വിജയം. അതേസമയം പുലിമുരുകനിലെ മൂപ്പന്റെ കഥാപാത്രത്തെ ‘തള്ള് മൂപ്പന്‍’ എന്ന് വിശേഷിപ്പിക്കുന്നത് എഴുത്തുകാരന്റെ പരാജയമായി പലരും അഭിപ്രായപ്പെടുന്നു.

ഇത്തരം ബില്‍ഡപ്പ് സീനുകളില്‍ ഒരുപടി മുകളിലാണ് തെലുങ്ക് ഇന്‍ഡസ്ട്രി. ഏതൊരു ചെറിയ കാര്യത്തയും വലുതാക്കി അവതരിപ്പിക്കുന്നതില്‍ ടോളിവുഡ് മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ മുന്നിലാണ്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ എന്‍ട്രിയാണ് പ്രഭാസിന്റെ ഫൗജി. പീരിയോഡിക് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ നേതാജി സുഭാഷ് ചന്ദ്രബേസ് ഹിറ്റ്‌ലറെ സന്ദര്‍ശിക്കുന്നത് കാണിച്ചുകൊണ്ടാണ് ടീസര്‍ ആരംഭിക്കുന്നത്. ഇന്ത്യയുടെ കൂടെ നില്‍ക്കാനാകില്ലെന്നും ബ്രിട്ടീഷ് ആര്‍മിയോട് ഇന്ത്യന്‍ സൈനികര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും ഹിറ്റ്‌ലര്‍ പറയുന്നുണ്ട്. എന്നാല്‍ തന്റെ ഒരു സൈനികന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിനെ കബളിപ്പിച്ച് അവരെ ഇല്ലാതാക്കിയുണ്ടെന്ന് നേതാജി പറയുന്നിടത്താണ് നായകനെ കാണിക്കുന്നത്.

ഫിക്ഷണല്‍ ഹിസ്റ്ററിയാണെങ്കിലും കുറച്ച് ന്യായം വേണ്ടേ എന്നാണ് ടീസര്‍ റിലീസിന് പിന്നാലെ പലരും അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന പ്രഭാസിനെ പൊക്കിപ്പറയാന്‍ മിനിമം ഹിറ്റ്‌ലറെങ്കിലും വേണമെന്നാണ് പരിഹാസം. അടുത്ത സിനിമയില്‍ നായകന് ബില്‍ഡപ്പ് കൊടുക്കാന്‍ അര്‍ണോള്‍ഡിനെ വിളിക്കുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഒരു സൈഡിലൂടെ ഭഗവത് ഗീതയെ കുത്തിക്കയറ്റാനുള്ള ശ്രമവും വിമര്‍ശനത്തിന് വിധേയമാകുന്നു.
സീതാ രാമത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗജി. സ്പിരിറ്റിന് മുമ്പ് പ്രഭാസ് പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്. 400 കോടി ബജറ്റില്‍ തിയേറ്ററുകളിലെത്തി, ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ രാജാസാബിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്. 2027 മാര്‍ച്ചില്‍ ഫൗജി തിയേറ്ററുകളിലെത്തും.
Content Highlight: Fauzi movie getting trolls for the buildup dialogues
