സിനിമാലോകത്ത് ക്ലാഷ് റിലീസുകള്‍ സര്‍വ സാധാരണമാണ്. വമ്പന്‍ താരങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ അവരുടെ ആരാധകര്‍ക്ക് അത് വലിയ ആഘോഷവും മത്സരവുമാണ്. തങ്ങളുടെ ഇഷ്ടനടന്‍ വിജയം സ്വന്തമാക്കുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അത്തരത്തിലൊരു ക്ലാഷാണ് തമിഴില്‍ അരങ്ങേറാന്‍ പോകുന്നത്.

സൂപ്പര്‍സ്റ്റാര്‍ രജിനിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ജയിലര്‍ 2വും ധനുഷിന്റെ ഓമുമാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്നത്. ഇരുവരുടെയും കരിയറിലെ ഏറ്റവും ഹൈപ്പേറിയ സിനിമകളാണ് ഇത്. പൂജ ഹോളിഡേയ്‌സ് ലക്ഷ്യമിട്ടാണ് രണ്ട് സിനിമകളും ഒരുങ്ങുന്നത്. ഒരുദിവസത്തെ ഇടവേളയില്‍ ജയിലര്‍ 2വും ഓമും തിയേറ്ററുകളിലെത്തും. രണ്ട് സിനിമകളിലായി ആറ് പേര്‍ തമ്മിലുള്ള ക്ലാഷാണ് അരങ്ങേറുന്നത്.

രജിനി- ധനുഷ് ക്ലാഷാണ് ഇതില്‍ പ്രധാനം. കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിന്റെ ക്ഷീണം ജയിലര്‍ 2 മാറ്റുമെന്നാണ് പ്രതീക്ഷ. അതിഥിവേഷത്തില്‍ പല വമ്പന്മാരും അണിനിരക്കുന്നുണ്ടെങ്കിലും പ്രധാന ആകര്‍ഷണം രജിനിയുടെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാണ്. അപ്പുറത്ത് ധനുഷിന്റെ ലക്ഷ്യം തമിഴിലെ ടൈര്‍ 1ലേക്കുള്ള എന്‍ട്രിയാണ്. വിജയ് അരങ്ങൊഴിഞ്ഞതിനാല്‍ ആ സ്ഥാനത്തേക്കാണ് ധനുഷിന്റെ നോട്ടം. വിജയ്‌യെപ്പോലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ധനുഷ് പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള ക്ലാഷും ഈ സിനിമയിലൂടെ നടക്കുകയാണ്. ജയിലര്‍ 2ല്‍ മാത്യുവായി മോഹന്‍ലാല്‍ വീണ്ടുമെത്തുമ്പോള്‍ ഓമില്‍ നായകനൊപ്പം ശക്തമായ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന ടീസറിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ റീച്ചാണ് ലഭിക്കുന്നത്. 10 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ക്ലാഷ് നടക്കുകയാണ്. 2016ല്‍ പുലിമുരുകന്‍- തോപ്പില്‍ ജോപ്പന്‍ ക്ലാഷായിരുന്നു അവസാനത്തേത്.

സിനിമയിലെ അണിയറപ്രവര്‍ത്തകര്‍ക്ക് വരെ ആരാധകക്കൂട്ടമുള്ള കാലമാണിത്. സംഗീത സംവിധായകരുടെ പേരില്‍ സിനിമകള്‍ അറിയപ്പെടുമ്പോള്‍ ഓമും ജയിലര്‍ 2വും ശ്രദ്ധ നേടുന്നുണ്ട്. തമിഴിലെ രണ്ട് ടോപ് സംഗീത സംവിധായകര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണിത്. തൊട്ടതെല്ലാം ചാര്‍ട്ട്ബസ്റ്ററാക്കുന്ന അനിരുദ്ധും പുത്തന്‍ സെന്‍സേഷന്‍ സായ് അഭ്യങ്കറും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയാണ്.

സമീപകാലത്ത് ഇത്രയും ആവേശം നല്‍കുന്ന മറ്റൊരു ക്ലാഷ് റിലീസ് വന്നിട്ടില്ലെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ 15ന് ജയിലര്‍ 2 തിയേറ്ററുകളിലെത്തുമ്പോള്‍ തൊട്ടടുത്ത ദിവസം ഓമും പ്രേക്ഷകരിലേക്കെത്തും. പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബോക്‌സ് ഓഫീസിന് വലിയ പണിയാകും കിട്ടുക എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Clash of Jailer 2 and Om discussing in social media