ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയ്ക്ക് വേദി ഒരുങ്ങിക്കഴിഞ്ഞു. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും കറ്റാലന്മാരുടെ തട്ടകമായ കാമ്പ്‌നൗവില്‍ ഞായറാഴ്ച രാത്രി ഏറ്റുമുട്ടും.

നേര്‍ക്കുനേരുള്ള പോരാട്ടങ്ങളില്‍ മുന്നിലെത്താനാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. ചരിത്രത്തില്‍ ഇതുവരെ 264 തവണ ഏറ്റുമുട്ടിയ ഇരുടീമുകളും 106 തവണ വീതം വിജയിച്ചു. 52 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.

ലീഗില്‍ കൂടുതല്‍ വിജയങ്ങള്‍ ലോസ് ബ്ലാങ്കോസിനാണ്. 192 തവണ ലാലിഗയില്‍ ഏറ്റുമുട്ടിയപ്പോള്‍ 80 തവണയും വിജയം റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു. ബാഴ്‌സലോണ 77 ജയങ്ങളും നേടി.

അതേസമയം ലീഗില്‍ പുതിയൊരു ചരിത്രം സൃഷ്ടിക്കാനാണ് ഹാന്‍സി ഫ്‌ലിക്കിന്റെ പട ഇറങ്ങുന്നത്. എല്‍ ക്ലാസിക്കോയില്‍ വിജയം സ്വന്തമാക്കിയാല്‍ ലീഗിലെ ആദ്യ പത്ത് മത്സരങ്ങളും വിജയിക്കുന്ന ആദ്യ ടീമാകാന്‍ ബാഴ്‌സയ്ക്ക് സാധിക്കും.

നിലവില്‍ ഒമ്പത് മത്സരങ്ങള്‍ വിജയിച്ച് അര നൂറ്റാണ്ടാണ്ടായി റയല്‍ മാഡ്രിഡ് ആണ് റെക്കോഡ് കയ്യടക്കിവെച്ചിരിക്കുന്നത്. 196869 സീസണിലാണ് റയല്‍ ആദ്യ ഒമ്പത് മത്സരത്തിലും വിജയം സ്വന്തമാക്കിയത്.

ലീഗിലെ ആദ്യ ഒമ്പത് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ തോറ്റ റയല്‍ മാഡ്രിഡ് കഴിഞ്ഞ അഞ്ച് മത്സരങ്ങളായി തോല്‍വിയറിഞ്ഞിട്ടില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ പി.എസ്.ജിയോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് ബാഴ്‌സലോണ.

ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ പക്ഷേ മറ്റൊരാളിലാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം റയല്‍ മാഡ്രിഡില്‍ തിരികെയെത്തിയ പരിശീലകന്‍ ജോസെ മൗറീന്യോയില്‍. എല്‍ ക്ലാസിക്കോയില്‍ തന്റെ പതിനെട്ടാമത് മത്സരത്തിനാണ് മൗറീന്യോ റയലിന് വേണ്ടി പരിശീലകവേഷം അണിയുന്നത്. 17 മത്സരങ്ങളില്‍ അഞ്ച് ജയങ്ങളും ആറ് സമനിലയും ആറ് തോല്‍വിയുമാണ് പോര്‍ച്ചുഗീസ് പരിശീലകന്റെ സമ്പാദ്യം.

തന്റെ ഏഴ് എല്‍ ക്ലാസിക്കോകളില്‍ ഒരെണ്ണം മാത്രമാണ് ബാഴ്‌സലോണ പരിശീലകന്‍ തോറ്റിരിക്കുന്നത്. പിച്ചിലുണ്ടാവാന്‍ പോകുന്ന 22 പേരിലേക്ക് മാത്രമല്ല പുറത്ത് നിന്ന് തന്ത്രം മെനയാന്‍ പോകുന്ന രണ്ട് പരിശീലകരെയും ആരാധകര്‍ ഉറ്റുനോക്കുകയാണ്.

എന്നാല്‍ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ റയല്‍ മാഡ്രിഡിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ടീമിന്റെ നട്ടെല്ലായ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ട്വയ്ക്ക് അസുഖം ബാധിച്ചതിനാല്‍ എല്‍ ക്ലാസിക്കോയ്ക്ക് ഉണ്ടാവില്ല എന്ന് ടീം സ്ഥിരീകരിച്ചു. പകരക്കാരനായിറങ്ങുന്ന ഉക്രൈന്‍ ഗോള്‍ കീപ്പര്‍ ലുനിന്‍ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എല്ലാ മത്സരവും ജയിച്ച് ബാഴ്‌സലോണ 27 പോയന്റുകളുമായി ലീഗ് ടേബിളില്‍ ഒന്നാമതാണ്. ഏഴ് ജയവും രണ്ട് തോല്‍വിയുമായി റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയ്ക്ക് പിന്നില്‍ മൂന്നാമതാണ്.

Content Highlight: Real Madrid faces Barcelona in First El Classico of the season.