സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഓം. അമരന്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജ്കുമാര്‍ പെരിയസാമി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. ടൈറ്റില്‍ ടീസര്‍ മുതല്‍ പലരുടെയും ഫേവറെറ്റ് ലിസ്റ്റില്‍ ഇടം നേടിയ ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കഥാപാത്രത്തെ ഫോക്കസ് ചെയ്തുകൊണ്ടാണ് പുതിയ ടീസര്‍. ബര്‍മ്മാ കാര്‍ത്തികേയന്‍/ സിയാ എന്ന സ്മഗ്ലറായാണ് മമ്മൂട്ടി ഓമില്‍ വേഷമിടുന്നത്. ധനുഷിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമാണ് കാര്‍ത്തികേയനെന്ന് ടൈറ്റില്‍ ടീസര്‍ ലോഞ്ചില്‍ സംവിധായകന്‍ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ നോട്ടമിട്ടിരിക്കുന്ന നൊട്ടോറിയസ് ഗ്യാങ്‌സ്റ്ററാണ് കാര്‍ത്തികേയന്‍ എന്ന് ടീസര്‍ പറഞ്ഞുവെക്കുന്നുണ്ട്. കള്ളക്കടത്തുകാരനാണെങ്കിലും നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടയാളാണ് സിയാ എന്നറിയപ്പെടുന്ന കാര്‍ത്തികേയന്‍. മമ്മൂട്ടി എന്ന നടനെക്കാള്‍ അദ്ദേഹത്തിലെ സ്റ്റാറിനെ ഫോക്കസ് ചെയ്യുന്ന കഥാപാത്രമാണിതെന്ന് ടീസര്‍ സൂചന നല്‍കുന്നു.

തമിഴിലെ പുത്തന്‍ സെന്‍സേഷനായ സായ് അഭ്യങ്കറിന്റെ ബി.ജി.എമ്മില്‍ മമ്മൂട്ടിയെ പ്രസന്റ് ചെയ്ത രീതിയാണ് ടീസറിന്റെ ഹൈലൈറ്റ്. നായകനായി ധനുഷ് ഒരു ഫ്രെയിമില്‍ വന്നുപോകുന്നുണ്ടെങ്കിലും ടീസിറിലുടനീളം മമ്മൂട്ടിയുടെ ‘ഓറാ ഫാമിങ്’ ആണ് കാണാന്‍ കഴിയുക. 75 വയസുകാരന്റെ സ്‌ക്രീന്‍ ഡൊമിനേഷന്‍ പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.

സമീപകാലത്ത് മലയാളത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന സിങ്ക് സൗണ്ട് തമിഴിലും മമ്മൂട്ടി ആവര്‍ത്തിക്കുകയാണ്. തമിഴില്‍ ആദ്യമായിട്ടാണ് മമ്മൂട്ടി സിങ്ക് സൗണ്ടില്‍ അഭിനയിക്കുന്നത്. ബര്‍മ്മ ടച്ചുള്ള തമിഴില്‍ താരം ഞെട്ടിക്കുമെന്ന് ഉറപ്പാണ്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് താരത്തിന്റേതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വന്‍ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാര്‍. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് ഓം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 16ന് ഓം ചാപ്റ്റര്‍ വണ്‍ തിയേറ്ററുകളിലെത്തും. രജിനിയുടെ ബിഗ് ബജറ്റ് ചിത്രം ജയിലര്‍ 2വുമായിട്ടാണ് ഓമിന്റെ ക്ലാഷ്. ചരിത്രത്തില്‍ ആദ്യമായി മമ്മൂട്ടിയും മോഹന്‍ലാലും തമിഴില്‍ ക്ലാഷിനെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Content Highlight: Mammootty’s character teaser of Om Movie out now