ദുലീപ് ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണും തിലക് വര്‍മയുടെ സൗത്ത് സോണും തമ്മിലുള്ള മത്സരം ചെന്നൈയില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ നാലാം ദിനം പുരോഗമിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് സോണ്‍ ഓള്‍ ഔട്ട് ആയിരിക്കുകയാണ്. 107.3 ഓവറില്‍ 336 റണ്‍സിനാണ് സൗത്ത് സോണ്‍ ഓള്‍ ഔട്ട് ആയത്. ഇതോടെ ഈസ്റ്റ് സോണിനടുത്തെത്താന്‍ സൗത്ത് സോണിന് ഇനിയും 372 റണ്‍സ് വേണം.
മത്സരത്തില്‍ സൗത്തിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ തിലക് വര്‍മയാണ്. അവസാന വിക്കറ്റ് വരെ പിടിച്ചുനിന്ന തിലക് 211 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ ഉള്‍പ്പെടെ 99 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തിലകിന് പുറമെ 104 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 62 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലും മികവ് പുലര്‍ത്തി.
അവസാന ഘട്ടത്തില്‍ ചാമ മിലിന്ദ് 68 പന്തില്‍ 43 റണ്‍സ് നേടി. ഈസ്റ്റിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മുകേഷ് കുമാറാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മുകേഷിന് പുറമെ മുഹമ്മദ് ഷമി, കോനൈന്‍ ഖുറേഷി, ശിഖാര്‍ മോഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. 334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇഷാന്‍ കിഷന്‍
ദുലീപ് ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഈസ്റ്റ് സോണ്‍ താരം, ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ക്യാപ്റ്റന്‍, ഫൈനലിലെ രണ്ടാമത് മികച്ച സ്‌കോര്‍ തുടങ്ങി ഒട്ടനേകം നേട്ടങ്ങളുമായാണ് ഇഷാന്‍ കിഷന്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് അവസാനിപ്പിച്ചത്.
അതേസമയം, ഫൈനലില്‍ കുമാര്‍ കുശാഗ്രയും സെഞ്ച്വറിയടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു. 132 പന്തില്‍ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. ശിഖര്‍ മോഹന്‍ (120 പന്തില്‍ 85), അഭിമന്യു ഈശ്വരന്‍ (86 പന്തില്‍ 72), അനുകുല്‍ റോയ് (98 പന്തില്‍ 45), മുഹമ്മദ് ഖുറേഷി (91 പന്തില്‍ 40) എന്നിവരും ഈസ്റ്റ് സോണിനായി തിളങ്ങി.
സൗത്ത് സോണിനായി ത്രിപുരാന വിജയ് നാല് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും ചാമ മിലിന്ദും രണ്ട് വീതം വിക്കറ്റുകളും ഷെയ്ഖ് റഷീദ് ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: East Zone delivers an impressive performance, bowling out South Zone in the first innings of the Duleep Trophy final
