മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തിന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താൻ മച്ച്വേർഡായ കഥാപാത്രങ്ങൾ മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന നടനല്ലെന്നും നല്ല സിനിമകളുടെ ഭാഗമാകുക എന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും പറയുകയാണ് മാത്യു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ടീനേജ് കഥാപാത്രങ്ങൾ ലഭിച്ചാലും ഇനിയും ചെയ്യാൻ തയ്യാറാണെന്നും താരം പറഞ്ഞു.

മാത്യു തോമസ്.Photo. Screen Grab/ Youtube
പുതിയ ചിത്രം ‘ഉടുമ്പൻചോല വിഷന്റെ’ പ്രസ് മീറ്റിൽ, നേരത്തേ ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറി ഇപ്പോൾ കൂടുതൽ പക്വതയുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
‘നമ്മൾ ഇതുവരെ ചെയ്തുവന്ന കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം കിട്ടുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഈ സിനിമയുടെ സ്ക്രിപ്റ്റ് ആദ്യം വന്നപ്പോൾ തന്നെ വ്യത്യസ്തമായ ഒരു കാര്യം ചെയ്യാൻ കഴിയുന്നതിൽ സന്തോഷം തോന്നിയിരുന്നു. അതുപോലെ ഇത്രയും നല്ല കാസ്റ്റിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. കഥയും വളരെ ഇന്ററസ്റ്റിങ്ങാണ്. കുറച്ചുകാലമായി ഈ ഴോണറിൽ ഇങ്ങനെയൊരു സിനിമ വന്നിട്ടില്ലെന്ന് തോന്നുന്നു. അത്തരമൊരു സ്പേസിൽ ഉടുമ്പൻചോലയിൽ ഈ കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്,’ മാത്യു പറഞ്ഞു.
മച്ച്വേർഡായ കഥാപാത്രങ്ങൾ മാത്രം ചെയ്യണമെന്ന നിർബന്ധം തനിക്കില്ലെന്നും നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് തന്റെ മുൻഗണനയെന്നും താരം വ്യക്തമാക്കി.
‘മച്ച്വേർഡായ കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്നൊന്നുമില്ല. സിനിമയുടെ കഥ നന്നായിരിക്കണം, നല്ല സിനിമകളുടെ ഭാഗമാകണം എന്നതാണ് എന്റെ പ്രയോറിറ്റി. ടീനേജ് റോളുകൾ വന്നാലും ഞാൻ ഇനിയും പോയി ചെയ്യും. ഞാൻ അത്രയ്ക്ക് വലുതായിട്ടില്ലെന്നാണ് എന്റെ വിശ്വാസം,’ മാത്യു പറഞ്ഞു.
‘ പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിൽ പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന സംശയങ്ങളെ മറികടക്കാൻ കഴിഞ്ഞതും മാത്യു ഓർത്തെടുത്തു. ആ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നെങ്കിലും അത് മറികടന്ന് മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനാണെന്നും താരം പറഞ്ഞു.

മാത്യു തോമസ്.പ്രഥമദൃഷ്ട്യാ കുറ്റക്കാർ.Photo. Screen Grab/ Youtube
പുതിയ ചിത്രമായ ‘ഉടുമ്പൻചോല വിഷനി’ലും പക്വതയുള്ള കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിക്കുന്നത്. നവാഗത സംവിധായകനും നടനുമായ സലാം ബുഖാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ട്രാൻസ്’, ‘ഇയ്യോബിന്റെ പുസ്തകം’ തുടങ്ങിയ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാത്യു തോമസിനൊപ്പം ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, സിദ്ദീഖ്, അശോകൻ, ബാബുരാജ്, സുദേവ് നായർ, മിലിന്ദ് സോമൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
Content Highlight: Mathew states that he is not an actor who wishes to play only ‘matured’ characters; rather, he places importance on being a part of good films.
