ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ പൊസിഷന്‍ മാറി ഇറങ്ങിയ സൂപ്പര്‍ താരം തിലക് വര്‍മ പാടെ നിരാശപ്പെടുത്തിയിരുന്നു. വണ്‍ ഡൗണായി ക്രീസിലെത്തിയ താരം 11 പന്തില്‍ നിന്നും വെറും ആറ് റണ്‍സ് മാത്രം നേടിയാണ് കളം വിട്ടത്. മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് ക്യാച്ച് നല്‍കിയായിരുന്നു തിലകിന്റെ മടക്കം.

ഈ പുറത്താകലിന് പിന്നാലെ ഒരു മോശം നേട്ടത്തിലേക്ക് തിലക് വീണ്ടും ചെന്നെത്തി. സേന രാജ്യങ്ങളില്‍ ചുരുങ്ങിയത് പത്ത് പന്തെങ്കിലും നേരിട്ട ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും മോശം സ്‌ട്രൈക് റേറ്റ് എന്ന അനാവശ്യ നേട്ടത്തിലേക്കാണ് തിലക് വീണ്ടുമെത്തിയത്.

സേന രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മോശം സ്‌ട്രൈക് റേറ്റ് – ചുരുങ്ങിയത് പത്ത് പന്ത്

(താരം – എതിരാളികള്‍ – സ്‌കോര്‍ – സ്‌ട്രൈക് റേറ്റ് എന്നീ ക്രമത്തില്‍)

തിലക് വര്‍മ – ഇംഗ്ലണ്ട് – 3 (11) – 27.27

എം.എസ്. ധോണി – ഓസ്‌ട്രേലിയ – 9 (27) – 33.33

റിഷബ് പന്ത് – ന്യൂസിലാന്‍ഡ് – 4 (10) – 40.00

ദിനേഷ് കാര്‍ത്തിക് – സൗത്ത് ആഫ്രിക്ക – 6 (15) – 40.00

എം.എസ്. ധോണി – ദക്ഷിണാഫ്രിക്ക – 5 (12) – 41.66

റിഷബ് പന്ത് – ന്യൂസിലന്‍ഡ് – 6 (13) – 46.15

എം.എസ്. ധോണി – വെസ്റ്റ് ഇന്‍ഡീസ് – 11 (23) – 47.82

ശുഭ്മന്‍ ഗില്‍ – ഓസ്ട്രേലിയ – 5 (10) – 50.00

തിലക് വര്‍മ – ന്യൂസിലന്‍ഡ് – 6 (11) – 54.54*

അക്സര്‍ പട്ടേല്‍ – ഓസ്ട്രേലിയ – 7 (12) – 58.33

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്സിന്റെ ഇന്നിങ്സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

24 പന്തില്‍ 45 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലന്റെ പ്രകടനവും കിവീസ് ഇന്നിങ്സില്‍ നിര്‍ണായകമായി. ബെവോണ്‍ ജെയിംസ് (16 പന്തില്‍ 31), ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 28), ടിം സീഫെര്‍ട്ട് (17 പന്തില്‍ 24) എന്നിവരാണ് കിവീസ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.

ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചര്‍ച്ച് തന്നെയാണ് വേദി.

 

Content Highlight: Tilak Varma finds a place on an unwanted list that no one desires.