ന്യൂസിലാന്‍ഡിനെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് കളമൊരുങ്ങും. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ വണ്‍ ഡൗണ്‍ ബാറ്റര്‍ ഇഷാന് കിഷന് പരിക്കു മൂലം ശേഷിച്ച മത്സരങ്ങളില്‍ നിന്ന് പുറത്താക്കേണ്ടി വന്നിരുന്നു.
ആദ്യ മത്സരത്തില്‍ ശാരീരികമായ വേദന അനുഭവപ്പെട്ടത് കൊണ്ട് താരം പൊസിഷന്‍ മാറിയാണ് ഇറങ്ങിയത്. ഇതോടെ പലരും ഇന്ത്യന്‍ ടീം മാനേജ്മെന്റിനെയും മുഖ്യ പരിശീലകന് ഗൗതം ഗംഭീറിനെയും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി ഗംഭീറിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്.

ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ഇഷാന് കിഷന് ബാറ്റിങ് ഓര്‍ഡര്‍ മാറി ഇറങ്ങിയതെന്നും എന്നാല്‍ ഗംഭീറിനെ വിമര്‍ശിക്കാനാണ് എല്ലാവരും പെട്ടെന്ന് രംഗത്ത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് പലരുടെയും വിനോദമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല യാഥാര്‍ത്ഥ്യം അറിയുന്നതിന് മുമ്പ് ഒരു നിഗമനത്തിലെത്തരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആദ്യ ടി-20 മത്സരത്തിനിടെ ഇഷാന് കിഷന് ചെറിയൊരു ശാരീരിക അസ്വസ്ഥത (നിഗിള്‍) ഉണ്ടായിരുന്നതുകൊണ്ടാണ് ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങേണ്ടി വന്നത്.
എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതിന് ഗൗതം ഗംഭീറിനെ വിമര്‍ശിക്കാന്‍ എല്ലാവരും പെട്ടെന്ന് തന്നെ രംഗത്തെത്തി. ഈ ദിവസങ്ങളില്‍ ഗംഭീറിനെ വിമര്‍ശിക്കുക എന്നത് പലരുടെയും ഇഷ്ടപ്പെട്ട വിനോദമായി മാറിയിരിക്കുകയാണ്.
ദയവായി, ദയവായി, ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് അല്‍പ്പമെങ്കിലും കാത്തിരിക്കുക. കാര്യങ്ങളുടെ യഥാര്‍ത്ഥ വശം അറിയാതെ പെട്ടെന്ന് വിധിയെഴുതരുത്.
ഇത് ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്. സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ വ്യൂസിനും ലൈക്കുകള്‍ക്കും പിന്നാലെ പായുമ്പോള്‍, കാര്യങ്ങളുടെ യഥാര്‍ത്ഥ വശം അറിയാതെ നിങ്ങള്‍ മറ്റൊരാളെ വേദനിപ്പിച്ചേക്കാം.
അതുകൊണ്ട്, ആരെയെങ്കിലും വിമര്‍ശിക്കുന്നതിനോ വിധിക്കുന്നതിനോ മുമ്പ് ഒരു നിമിഷം ചിന്തിക്കുക. മുഴുവന്‍ സത്യവും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്,’ ഇര്ഫാന് പത്താന് തന്റെ എക്സില്‍ കുറിച്ചു.
കിവീസിനെതിരായ രണ്ടാം മത്സരത്തില്‍ കിഷന് പകരക്കാരനായി വൈഭവ് സൂര്യവംശിയാണ് കളത്തിലിറങ്ങാന്‍ പോകുന്നത്. എന്നാല്‍ താരത്തെ ഏത് പൊസിഷനില്‍ കളിപ്പിക്കുമെന്നത് കണ്ടറിയണം.
അതേസമയം ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
Content Highlight: Irfan Pathan Supports Indian Head Coach Gautam Gambhir
