തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) മരുന്ന് മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നം കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലൂടെ നടത്തി എന്നതാണെന്ന് മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഇത് മറച്ചുവെക്കാനാണ് ഇത് ജനറിക് മെഡിസിന്‍ വേഴ്‌സസ് ബ്രാന്‍ഡഡ് മെഡിസിന്‍ പ്രശ്‌നമാണ് ഇതെന്ന് പുകമറ സൃഷ്ടിക്കുന്നതെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കുഞ്ഞുങ്ങളിലെ മരുന്ന് പരീക്ഷണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലൂടെ നടത്തി എന്ന അതീവ ഗുരുതരമായ വിഷയത്തെ മറച്ചുപിടിക്കാന്‍ ഇത് ജനറിക് മെഡിസിന്‍ V/s ബ്രാന്‍ഡഡ് മെഡിസിന്‍ പ്രശ്‌നമാണ് എന്ന പുകമറ സൃഷ്ടിക്കാനാണ് ഉത്തരവാദികളായവര്‍ ശ്രമിക്കുന്നത്,’ വീണ ജോര്‍ജ് കുറിച്ചു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ രോഗങ്ങള്‍ക്കുള്ള 1037 ജനറിക് മരുന്നുകളാണ് വാങ്ങിയിരുന്നത്. അവ ഓരോന്നും ലക്ഷക്കണക്കിന് എണ്ണം വീതമാണ് ഓരോ വര്‍ഷവും സര്‍ക്കാര്‍ കെ.എം.എസ്.സി എല്ലിലൂടെ വാങ്ങിയത്. എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റിലുള്ള 865 മരുന്നുകളും ജനറിക് ആയിരുന്നു. ക്യാന്‍സറിനുള്ള 172 ജനറിക് മരുന്നുകള്‍ സര്‍ക്കാര്‍ അന്ന് കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ വാങ്ങി രോഗികള്‍ക്ക് നല്‍കിയെന്നും മുന്‍ മന്ത്രി പറഞ്ഞു.

കോടതി വിധി ഉണ്ടായപ്പോള്‍ തന്നെ എസ്.എം.എക്ക് നാറ്റ്‌കോയുടെ (Natco) മരുന്ന് നല്‍കുന്നത് പരിശോധിക്കാന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടത് മുന്‍ സര്‍ക്കാരാണ്. പക്ഷെ ഫെബ്രുവരി 2026-ല്‍ ചേര്‍ന്ന കമ്മിറ്റി ഇത് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയില്ലെന്നും വീണ ജോര്‍ജ് പറയുന്നു.

ഇവിടെ ഇപ്പോള്‍ ഉണ്ടായ ഗുരുതരമായ കാര്യം ക്ലിനിക്കല്‍ ട്രയലിനുള്ള (മരുന്ന് പരീക്ഷണത്തിന്) മരുന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കി എന്നുള്ളതാണ്. എന്തിന് എങ്ങനെ ക്ലിനിക്കല്‍ ട്രയല്‍ എന്ന ലേബലുള്ള ഈ ബോട്ടിലുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയെന്നും അവര്‍ ചോദിച്ചു.

കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ മരുന്നിലെ പ്രൊഡക്ഷന്‍ തീയതി ജൂണ്‍ 2025 ആണ്. കോടതി ഉത്തരവ് ഉണ്ടാകുന്നത് 2025 ഒക്ടോബറില്‍. അതിനും നാല് മാസം മുന്‍പ് ഉത്പാദിപ്പിച്ച മരുന്നാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയതെന്നും അവര്‍ പറഞ്ഞു.

സപ്ലൈ ഓര്‍ഡര്‍ കൊടുക്കുന്ന ദിവസം (ഒക്ടോബര്‍ 2026) മുതല്‍ 12 മാസത്തെ മിനിമം ഷെല്‍ഫ് ലൈഫ് മരുന്നിന് ഉണ്ടാകണമെന്നാണ് കെ.എം.എസ്.സി എല്ലിന്റെ വ്യവസ്ഥ. അപ്പോള്‍ ആ ഷെല്‍ഫ് ലൈഫ് ഇല്ലാത്ത, രാജ്യത്ത് അനുവാദം ലഭിക്കുന്നതിന് മുന്‍പ് ഉത്പാദിപ്പിച്ച ഈ മരുന്ന്, പുറം ചട്ടയിലും ബോട്ടിലിലും എഴുതിയിരിക്കുന്നത് പോലെ ക്ലിനിക്കല്‍ പരീക്ഷണത്തിനാണെന്ന് മാതാപിതാക്കള്‍ കരുതിയാല്‍ അവരെ കുറ്റപ്പെടുത്തുന്നത് എങ്ങനെ? അവരുടെ ആശങ്ക ന്യായമാണെന്നും മുന്‍ മന്ത്രി അഭിപ്രായപ്പെട്ടു.

ജനറിക് മെഡിസിന് ക്ലിനിക്കല്‍ ട്രയല്‍ വേണ്ട എന്നാണെങ്കില്‍ കമ്പനി എന്തിന് ക്ലിനിക്കല്‍ ട്രയല്‍ ലേബലോട് കൂടിയ മരുന്ന് കെ.എം.സി.എല്ലിന് നല്‍കി? അത് തീര്‍ത്തും ദുരൂഹമാണ്. മുപ്പത്തിലധികം രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനി കയറ്റുമതിക്കുള്ള മരുന്ന് പരീക്ഷണമാണോ കേരളത്തിലെ കുഞ്ഞുങ്ങളില്‍ നടത്തിയതെന്നും വീണ ജോര്‍ജ് ചോദിച്ചു.

‘കെ.എം.സി.എല്‍ വഴിയുള്ള മരുന്ന് വിതരണത്തില്‍ എങ്ങനെ ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്ന് ഉള്‍പ്പെട്ടു? ഓരോ ബാച്ചിനും ക്വാളിറ്റി സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. അത് എന്ത് കൊണ്ട് ഈ മരുന്നിന് ഉണ്ടായില്ല? എയിംസ് ഉള്‍പ്പടെ രാജ്യത്തെ 15 സെന്റര്‍ ഓഫ് എക്‌സലന്‍സുകളില്‍ എവിടെ എങ്കിലും ടെന്‍ഡര്‍ പ്രോസസ്സ് വഴി ഈ മരുന്ന് വാങ്ങുന്നുണ്ടോ?

ഉന്നയിക്കപ്പെട്ട ചോദ്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് അനിവാര്യമാണ്. ഒപ്പം മരുന്ന് പരീക്ഷണത്തില്‍ കൃത്യമായ മറുപടി സര്‍ക്കാര്‍ പറയേണ്ടതായിട്ടുണ്ട്,’ വീണ ജോര്‍ജ് കുറിച്ചു.

Content Highlight: Kerala Ex Health Minister Veena Goerge on Spinal Muscular Atrophy (SMA) Medicine controversy