തെലുങ്കിലെ ഏറ്റവും വലിയ താരമായ പ്രഭാസിന്റെ ജന്മദിനം കഴിഞ്ഞദിവസം ആരാധകര്‍ ആഘോഷമാക്കി. താരത്തിന്റെ ഹിറ്റ് സിനിമകള്‍ റീ റിലീസ് ചെയ്തും പുതിയ സിനിമകളുടെ അപ്‌ഡേറ്റുകള്‍ ഏറ്റെടുത്തും ‘റിബല്‍’ ഫാന്‍സ് തങ്ങളുടെ ഇഷ്ടനടന്റെ പിറന്നാള്‍ ഗംഭീരമാക്കി. പ്രഭാസിന്റെ കല്‍ക്കി 2, സലാര്‍ 2 എന്നീ സിനിമകളുടെ അപ്‌ഡേറ്റുകള്‍ക്കൊപ്പം അപ്രതീക്ഷിതമായി ലഭിച്ച ഒന്നായിരുന്നു ഫൗജിയുടെ ടീസര്‍.

ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് അര്‍ധരാത്രി സോഷ്യല്‍ മീഡിയക്ക് തീയിട്ടു. പീരിയഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. ടിപ്പിക്കല്‍ തെലുങ്ക് മാസ് മസാല സിനിമയുടെ ഫോര്‍മാറ്റ് തന്നെയാകും ഫൗജിക്കുമെന്ന് ടീസര്‍ അടിവരയിടുന്നു.

സാധാരണ തെലുങ്ക് സിനിമകളിലേത് പോലെ ടീസറിന്റെ തുടക്കത്തില്‍ നായകന് ബില്‍ഡപ്പ് നല്‍കാന്‍ രണ്ട് കഥാപാത്രങ്ങള്‍ ഈ ടീസറിലും എത്തുന്നുണ്ട്. ഇന്‍ഡസ്ട്രി തെലുങ്കായതുകൊണ്ടും നായകന്‍ പ്രഭാസായതുകൊണ്ടും സാധാരണക്കാരല്ല നായകനെ പൊക്കിപ്പറയുന്നത്. സാക്ഷാല്‍ ഹിറ്റ്‌ലറും സുഭാഷ് ചന്ദ്രബോസുമാണ് നായകനെ പൊക്കിപ്പറയുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്ത് ഹിറ്റ്‌ലറെ കാണാനെത്തുന്ന നേതാജി ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരെ തുരത്താന്‍ തങ്ങളുടെ കൂടെ നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ഹിറ്റ്‌ലര്‍ ഈ ആവശ്യം നിരസിക്കുമ്പോള്‍ ബ്രിട്ടീഷ് ഇന്റലിജന്‍സിനെ ഇല്ലാതാക്കിയ ഇന്ത്യന്‍ സ്‌പൈയെക്കുറിച്ച് പൊക്കിയടിക്കുകയാണ്. ഭഗവത് ഗീതയെ ആസ്പദമാക്കി ഒരു സീക്രട്ട് കോഡ് ഉണ്ടാക്കിയ ആളാണ് ആ സ്‌പൈ എന്നും ജര്‍മനിയുടെ എനിഗ്മയെക്കാള്‍ പ്രയാസമേറിയ കോഡാണ് അതെന്നും സുഭാഷ് ചന്ദ്രബോസ് പറയുന്നുണ്ട്.

ഇതിന് ശേഷമാണ് നായകന്റെ മുഖം കാണിക്കുന്നത്. കൈതിക്ക് ശേഷം മെഷീന്‍ ഗണ്ണുകളോടുള്ള പ്രേമം വിടാത്ത സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ഇത്തവണയും ഇത് ആവര്‍ത്തിക്കുന്നുണ്ട്. സിഗരറ്റ് കടിച്ചുപിടിച്ച് മെഷീന്‍ ഗണ്‍ ലോഡ് ചെയ്യുന്ന പ്രഭാസിനെ കാണിച്ചുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്. ആരാധകര്‍ക്ക് ഈ ടീസര്‍ സന്തോഷം നല്‍കുന്നുണ്ടെങ്കിലും മലയാളം പേജുകളില്‍ ഈ ടീസര്‍ ഇതിനോടകം ട്രോള്‍ മെറ്റീരിയലായി.

നായകനെ പൊക്കിയടിക്കാന്‍ വേറെ ആരെയും കിട്ടാത്തതുകൊണ്ടാണോ ഹിറ്റ്‌ലറെയും നേതാജിയെയും കൊണ്ടുവന്നതെന്ന് പലരും ചോദിക്കുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയുടെ ഫാന്റസിക്ക് ലിമിറ്റില്ലെന്ന് ഈയൊരു ടീസറിലൂടെ മനസിലായെന്നും ചിലര്‍ പരിഹസിക്കുന്നു. 2027 മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളിലെത്തും. സീതാ രാമത്തിന് ശേഷം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഫൗജി.

Content Highlight: Fauzi teaser starring Prabhas out now