ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി-20 മത്സരത്തില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന് രംഗത്ത്.
മത്സരത്തില്‍ ഇന്ത്യ 226 റണ്‍സിന്റെ വലിയ വിജയലക്ഷ്യം വിജയകരമായി മറികടന്നെങ്കിലും, ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങള്‍ ചര്‍ച്ചയായിരുന്നു.
A powerful batting display helps India chase down a target of 226 in the T20I series opener against New Zealand 💪 📝: https://t.co/IVpAEwsDMs https://t.co/mB6dCwDoqk
— ICC (@ICC) October 22, 2026
ഫോമിലുള്ള ഇഷാന് കിഷനെ പതിവായി ഇറങ്ങാറുള്ള മൂന്നാം നമ്പറിന് പകരം താഴെ ഇറക്കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
കിഷന് പകരം ഇടംകൈയന്‍ താരം തിലക് വര്‍മയെ മൂന്നാം നമ്പറിലിറക്കുകയായിരുന്നു. പിന്നീട് അഞ്ചാം നമ്പറിലാണ് കിഷന് ബാറ്റ് ചെയ്യാനെത്തിയത്.
തങ്ങളുടെ സ്ഥിരം പൊസിഷനില്‍ നിന്നും മാറി ബാറ്റ് ചെയ്യേണ്ടി വന്ന ഇരുവരും പാടെ നിരാശപ്പെടുത്തുകയും ചെയ്തു. തിലക് 11 പന്തില്‍ ആറ് റണ്‍സും ഇഷാന് കിഷന് മൂന്ന് പന്തില്‍ ഒരു റണ്ണുമെടുത്ത് മടങ്ങി. ഇതിന് പിന്നാലെ പരിശീലകന് ഗംഭീറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

മത്സരത്തിനിടെ ഇഷാന് കിഷന് ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ (Niggle) ഉണ്ടായിരുന്നുവെന്നും ഇതിനാലാണ് ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത് എന്നും പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്.
കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കാതെ ആരെയും കുറ്റപ്പെടുത്താന്‍ നില്‍ക്കരുതെന്നും ഗംഭീറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ പത്താന് ചൂണ്ടിക്കാട്ടി. പരിക്കിന് പിന്നാലെ ഇഷാന് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു.
‘ഒന്നാം ടി-20 മത്സരത്തിനിടയില്‍ ഇഷാന് കിഷന് ചെറിയൊരു പരിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവന് ബാറ്റിങ് ഓര്‍ഡറില്‍ താഴെ ഇറങ്ങിയത്. എന്നാല്‍ ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയതിന് ഗൗതം ഗംഭീറിനെതിരെ ചോദ്യങ്ങളുയര്‍ത്താന്‍ എല്ലാവരും തിടുക്കം കൂട്ടി. അദ്ദേഹത്തെ വിമര്‍ശിക്കുക എന്നത് ഇക്കാലത്ത് എല്ലാവരുടെയും ഒരു ടൈംപാസ് ഹോബിയായി മാറിയിരിക്കുകയാണ്,’ പത്താന് പറഞ്ഞു.

ഇര്ഫാന് പത്താന്
വസ്തുതകള്‍ അറിയാതെ വിധിയെഴുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദയവായി, യാതൊരുവിധ വിധിയെഴുത്തുകള്‍ക്കും മുമ്പ് അല്പം കാത്തിരിക്കുക. മുഴുവന്‍ കഥയും അറിയാതെ കാര്യങ്ങളിലേക്ക് ചാടിവീഴരുത്. ഇത് ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്.
സോഷ്യല്‍ മീഡിയയില്‍ വ്യൂസ് നേടാനുള്ള തിടുക്കത്തില്‍, യാഥാര്‍ത്ഥ്യം എന്താണെന്ന് അറിയാതെ നിങ്ങള്‍ മറ്റൊരാളെ വേദനിപ്പിച്ചേക്കാം. കുറ്റപ്പെടുത്തുന്നതിന് മുന്‍പ് ഒന്നു ചിന്തിക്കുക,’ മുന്‍ ഓള്‍റൗണ്ടര്‍ പറഞ്ഞു.
അതേസമയം, ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചര്‍ച്ച് തന്നെയാണ് വേദി.
Content Highlight: Irfan Pathan supports Gautam Gambhir amidst criticism on social media.
