ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം സഞ്ജു സാംസണിനെക്കുറിച്ച് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെ സംസാരിച്ചിരുന്നു. സ്വന്തം സ്ഥാനം അപകടത്തിലാണെങ്കില്‍ പോലും ടീമിന് വേണ്ടി കളിക്കുന്ന താരമാണ് സഞ്ജു സാംസണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിസ്‌ക് ഷോട്ടുകള്‍ കളിക്കുമ്പോഴാണ് ചില ദിവസങ്ങളില്‍ പുറത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘സഞ്ജു സാംസണെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്താണെന്നുവെച്ചാല്‍, ടീമിലെ തന്റെ സ്ഥാനം ഭീഷണിയിലായിരിക്കുമ്പോള്‍ പോലും അദ്ദേഹം മറ്റൊരു രീതിയില്‍ കളിക്കുന്നില്ല. ‘ഞാന്‍ പതുക്കെ 10-12 പന്തുകള്‍ ശ്രദ്ധിച്ച് കളിക്കട്ടെ, 12-15 റണ്‍സ് നേടട്ടെ, എന്നിട്ട് പുറത്താകാം’ എന്ന് അദ്ദേഹ ചിന്തിക്കുന്നില്ല.

ടീമില്‍ സ്ഥാനം ഉറപ്പുള്ളപ്പോഴും മികച്ച സ്‌കോറുകള്‍ നേടുമ്പോഴും അദ്ദേഹം കളിക്കുന്ന അതേ ശൈലി തന്നെയാണ് സ്ഥാനം നഷ്ടപ്പെടുമെന്ന ഭീഷണിയുള്ളപ്പോഴും പിന്തുടരുന്നത്.
അപകടസാധ്യത കൂടുതലുള്ള രീതിയില്‍ കളിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ അദ്ദേഹം നേരത്തെ പുറത്താകും.

സഞ്ജുവിനെപ്പോലെയുള്ള കളിക്കാരോട് ഒരാള്‍ പറയേണ്ടത് ഇതാണ്: ‘ഞാന്‍ നിന്റെ കൂടെയുണ്ട്, നീ ഇതേ രീതിയില്‍ തന്നെ കളിച്ചുകൊണ്ടിരിക്കുക. നിന്റെ ദിവസം വരുമ്പോള്‍, നിന്റെ ഈ കളിയിലൂടെ നമുക്ക് മത്സരം ജയിക്കാനാകും,’ ഭോഗ്ലെ പറഞ്ഞു.

അതേസമയം സഞ്ജു സാംസണ്‍ 33 പന്തില്‍ നാല് സിക്‌സും എട്ട് ഫോറും ഉല്‍പ്പെടെ 67 റണ്‍സടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കി. 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് നമന്‍ നേടിയത്.

28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്സര്‍ പട്ടേലിന്റെയും ഇന്നിങ്സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. മത്സരത്തില്‍ സൂപ്പര്‍ താരം അഭിഷേക് ശര്‍മ 12 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സ് നേടിയാണ് മടങ്ങിയത്.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

Content Highlight: Harsha Bhogle Talking About Sanju Samson