2026ലെ സ്പോർട്സിനുള്ള പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. സ്പെയ്നിന്റെ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഭിമാനകരമായ ബഹുമതിയാണ് മെസിയെ തേടിയെത്തിയിരിക്കുന്നത്. തങ്ങളുടെ മേഖലയിൽ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങൾക്കായി സ്പാനിഷ് രാജകുടുംബമാണ് ഈ അവാർഡ് സമ്മാനിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫുട്ബോൾ താരം ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ഫുട്ബോളിൽ എല്ലാം കീഴടക്കിയ മെസി ഈ നേട്ടത്തിന്റെ ചരിത്രത്തിലും തന്റെ പേര് രേഖപ്പെടുത്തിയിരിക്കുകയാണ്. ഫുട്ബോൾ താരങ്ങൾക്ക് ഇതിന് മുമ്പ് ഈ പുരസ്കാരം നൽകിയിട്ടുണ്ടെങ്കിലും ഒരിക്കലും വ്യക്തിഗതമായി ഒരു താരം ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

2010 ലോകകപ്പ് കിരീടം ചൂടിയ സ്പാനിഷ് ദേശീയ ടീമിന് ഈ പുരസ്കാരം 2012ൽ കൈമാറിയിരുന്നു. സ്പാനിഷ് ടീമിന് വേണ്ടി ഇതിഹാസ താരങ്ങളായ ഐക്കർ കസിയസും സാവി ഹെർണാണ്ടസുമായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയിരുന്നത്.
ഈ പുരസ്കാരം സ്പാനിഷ് പൗരന്മാർക്ക് മാത്രമാണ് നൽകാറുള്ളത്. അർജന്റീനക്ക് വേണ്ടി കളിക്കുകയും അർജന്റീനയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇതിഹാസമായി മെസി മാറിയെങ്കിലും മെസി ഒരു സ്പാനിഷ് പൗരനാണ്. 13 വയസുള്ളപ്പോൾ ബാഴ്സലോണയുടെ ലാമാസിയ അക്കാദമിയിൽ ചേരാനാണ് മെസി സ്പെയ്നിലേക്ക് താമസം മാറിയത്.
പിന്നീട് ബാഴ്സയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായി മെസി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. 2004 ഒക്ടോബർ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.
672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്സക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വർഷത്തെ ബാഴ്സയിലെ തന്റെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാർ അവസാനിക്കുമ്പോൾ ബാഴ്സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മെസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല.
Content Highlight: Lionel Messi has won the 2026 Princess of Asturias Award for Sports
