ദുബായ്: പശ്ചിമേഷ്യയില്‍ ഇറാന്‍-യു.എസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നു. ഒമാന്‍ ഉള്‍ക്കടലിലും ഖാര്‍ഗ് ദ്വീപിനടുത്തും അഞ്ച് ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ യു.എസ് ആക്രമിച്ചു. ഇതിന് മറുപടിയായി ജോര്‍ദാനിലെ യു.എസ് സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് യു.എസിന്റെ ആളില്ലാ അന്തര്‍വാഹിനി ഇറാന്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തു.

എണ്ണക്കപ്പലുകളെ ആക്രമിച്ചതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡാണ് (സെന്റ്‌കോം) ഒരു പ്രസ്താവനയില്‍ പറഞ്ഞത്. ഇറാന്‍ തങ്ങളുടെ ഒരു യുദ്ധക്കപ്പലിന് നേര്‍ക്ക് രണ്ട് ദിവസത്തിനിടെ രണ്ട് തവണ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നെന്നും അതിന് മറുപടിയായാണ് അവരുടെ എണ്ണക്കപ്പലുകള്‍ തകര്‍ത്തതെന്നും സെന്റ്‌കോം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇറാനിയന്‍ ആക്രമണ ശ്രമങ്ങളില്‍ നിന്ന് യു.എസ് യുദ്ധക്കപ്പല്‍ വിജയകരമായി രക്ഷപ്പെടുകയും പട്രോളിങ് തുടരുകയും ചെയ്തു. ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനും പരിക്കേറ്റില്ലെന്നും സെന്റ് കോമിന്റെ പ്രസ്താവനയില്‍ പറയുന്നു.

ജോര്‍ദാനിലെ അല്‍ അസ്രാഖ് സൈനിക താവളത്തിന് നേര്‍ക്കാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി തങ്ങള്‍ ജോര്‍ദാനില്‍ യുഎസ് സൈനികര്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു താവളത്തെ ആക്രമിച്ചതായി ഐ.ആര്‍.ജി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇറാന്റെ 20 മിസൈലുകളില്‍ 18 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നശിപ്പിച്ചതായും ബാക്കിയുള്ളവ ഒഴിഞ്ഞ പ്രദേശങ്ങളില്‍ വീണതായും ജോര്‍ദാന്‍ അധികൃതരും പറഞ്ഞു.

ഐ.ആര്‍.ജി.സിക്കും അവരുടെ പ്രാദേശിക ബിനാമികള്‍ക്കും ധനസഹായം നല്‍കുന്ന കപ്പലുകളാണ് തങ്ങള്‍ തകര്‍ത്തതെന്ന് സെന്റ്‌കോം പ്രസ്താവനയില്‍ പറഞ്ഞു. ഒമാന്‍ ഉള്‍ക്കടലിലെ ഐ.ആര്‍.ജിസി എണ്ണക്കപ്പലുകളായ കവിസ്, ചാര്‍മിനാര്‍, ഹൊറൈസണ്‍ 1, റീസ്‌കോ എന്നീ എണ്ണക്കപ്പലുകളും ഖാര്‍ഗ് ദ്വീപിനടുത്തുള്ള ഡെര്യ കപ്പലുമാണ് തകര്‍ത്തത്. ഈ കപ്പലുകളെ പ്രതിരോധിക്കാന്‍ ഇറാന് ഒരു തരത്തിലും സാധിച്ചില്ലെന്നും സെന്റ്‌കോം പ്രസ്താവനയില്‍ അവകാശപ്പെട്ടു.

‘സെപ്റ്റംബര്‍ അഞ്ചിന്, ഐ.ആ.ര്‍ജി.സി ഒരു യു.എസ് വിമാനവാഹിനിക്കപ്പലിനെയും ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറെയും ആക്രമിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്, സെന്റ്‌കോം സേന മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തകര്‍ത്തിരുന്നു. യു.എസ് നാവികസേനയുടെ കപ്പലുകള്‍ക്കെതിരായ എല്ലാ ഐ.ആര്‍.ജി. സി ശ്രമങ്ങളും പരാജയപ്പെട്ടു,’ എന്നും പ്രസ്താവനയില്‍ പറയുന്നു.

ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തു

ഹോര്‍മുസ് കടലിടുക്കിന്റെ പ്രവേശന കവാടത്തിനടുത്ത് വച്ച് തങ്ങളുടെ സൈനികര്‍ യു.എസിന്റെ ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തതായി ഐ.ആര്‍.ജി.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അന്തര്‍വാഹിനി പിടിച്ചെടുത്തത് സങ്കീര്‍ണമായ രഹസ്യാന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും ശേഷമാണ്. അന്തര്‍വാഹിനി പിടിച്ചെടുത്തത് തന്ത്രപ്രധാന സമുദ്ര പാതയിലെ ഇറാന്റെ നിരീക്ഷണ ശേഷിയുടെ ഫലപ്രാപ്തി തെളിയിക്കുന്നതായും ഐ.ആര്‍.ജി.സി പറഞ്ഞു.

നൂതനമായ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയ ഈ വാഹനം 2025 മുതല്‍ യു.എസ് ഉപയോഗിച്ച് വരുന്നതായിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിരീക്ഷണം മറികടന്ന് നൂതന സാങ്കേതികവിദ്യയ്ക്ക് നുഴഞ്ഞു കയറാന്‍ കഴിയില്ലെന്ന് ഈ പിടിച്ചെടുക്കല്‍ തെളിയിക്കുന്നെന്ന് ഐ.ആര്‍.ജി.സി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹൊസൈന്‍ മൊഹെബ്ബി പറഞ്ഞു. ‘പേര്‍ഷ്യന്‍ ഗള്‍ഫിന് മുകളിലുള്ള ആധിപത്യം നമ്മുടെ യുവ സാങ്കേതിക വിദഗ്ദ്ധരുടേതാണ്,’ മൊഹെബ്ബി കൂട്ടിച്ചേര്‍ത്തു.

കുവൈറ്റിലെയും ബഹ്റൈനിലെയും ടാങ്കര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്

പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെയും ബഹ്റൈനിലെയും തുറമുഖങ്ങളിലെയും അവയുടെ സമീപ മേഖലകളിലെയും ടാങ്കറുകളിലെ ജീവനക്കാര്‍ക്ക് ഐ.ആര്‍.ജി.സി നാവിക സേന അടിയന്തര മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണത്തെത്തുടര്‍ന്ന് തിരിച്ചടി നടത്താനൊരുങ്ങുന്നതിനാല്‍ ഈ ടാങ്കറുകള്‍ ഉപേക്ഷിക്കാന്‍ ഐ.ആര്‍.ജി.സി ഈ ജീവനക്കാരോട് ആവശ്യപ്പെട്ടു.

ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ നിരവധി എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് യു.എസ് സൈന്യം നടത്തിയ ‘ശത്രുതാപരമായ നടപടികള്‍ക്ക്’ മറുപടിയായാണ് മുന്നറിയിപ്പ് നല്‍കുന്നതെന്നും ഐ.ആര്‍.ജി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇറാനെതിരായ യു.എസിന്റെ നിയമലംഘനങ്ങളില്‍ പങ്കാളികളായ രാജ്യങ്ങളെന്നാണ് ഐ.ആര്‍.ജി.സി കുവൈറ്റിനെയും ബഹ്റൈനിനെയും വിശേഷിപ്പിച്ചത്.

‘ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ നിരവധി എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് യു.എസ് തീവ്രവാദ സൈന്യം നടത്തിയ ശത്രുതാപരമായ നടപടികളുടെ പശ്ചാത്തലത്തില്‍, ഈ തീവ്രവാദികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതും അവരുടെ ശത്രുതാപരമായ നടപടികളില്‍ പങ്കാളികളുമായ കുവൈറ്റിലെയും ബഹ്റൈനിലെയും തുറമുഖങ്ങളിലെയും സമീപത്തുള്ള എല്ലാ ടാങ്കറുകളിലെയും ജീവനക്കാര്‍ക്കും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. അവരുടെ കപ്പലുകള്‍ ഉടന്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. കാരണം അവ ലക്ഷ്യം വയ്ക്കപ്പെടും,’ ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറയുന്നു.

സൗദിയില്‍ ഹൂത്തി ആക്രമണം

അതേസമയം, യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വിവിധ സൗദി നഗരങ്ങളില്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങളില്‍ 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും എണ്ണ സംസ്‌കരണ സ്ഥാപനങ്ങള്‍ കത്തി നശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ യു.എസിന്റ സഖ്യകക്ഷിയാണ് സൗദി. സൗദിയുടെ നാല് തെക്കന്‍ നഗരങ്ങളിലാണ് ഹൂഥി വ്യോമാക്രമണങ്ങളുണ്ടായത്. ആക്രമണമുണ്ടായ സ്ഥലങ്ങളില്‍ തീപ്പിടിത്തമുണ്ടായെന്ന് സൗദി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം സൗദി അറേബ്യയ്ക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

സൗദിയെ ലക്ഷ്യമിട്ട് തങ്ങള്‍ സൈനിക നടപടി ആരംഭിച്ചതായി ഹൂത്തികള്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. സൗദിയുടെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ഒരു വ്യോമതാവളവും അബഹ, നജ്റാന്‍, ജസാന്‍ നഗരങ്ങളിലെ സൗദി എണ്ണക്കമ്പനി ആസ്തികളും ആക്രമിക്കാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് സൈനിക നടപടി ആരംഭിക്കുകയായിരുന്നെന്ന് ഹൂഥികളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആക്രമണമുണ്ടായ ജസാന്‍ റിഫൈനറിക്ക് മുകളില്‍ കട്ടിയുള്ള കറുത്ത പുക നിറഞ്ഞ് നില്‍ക്കുന്നതായി നാസയുടെ ഉപഗ്രഹ ചിത്രങ്ങളിലുണ്ട്. അബഹയിലെ ഒരു എണ്ണ വിതരണ കേന്ദ്രത്തില്‍ നിന്ന് വെളുത്ത പുക ഉയരുന്നതായും ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

യെമനില്‍ ഹൂത്തികള്‍ക്കെതിരെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം സൈനിക നടപടി തുടരുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ യുദ്ധം ശാന്തമായെങ്കിലും പിന്നീട് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ട് വീണ്ടും ഇരു പക്ഷവും സംഘര്‍ഷങ്ങളിലേക്ക് പോവുകയായിരുന്നു.

Content Highlight: US hits Iranian tankers, IRGC attacks US forces in Jordan