അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ആദ്യ പോരാട്ടം സെപ്റ്റംബര്‍ 13നാണ് അരങ്ങേറുന്നത്. രണ്ടാം മത്സരം സെപ്റ്റംബര്‍ 15നും അവസാന മത്സരം 17നുമാണ് നടക്കുക.

ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഈ പരമ്പരയില്‍ വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് സഞ്ജു തയ്യാറെടുക്കുന്നത്.

ഈ പരമ്പരയില്‍ സഞ്ജുവിന് ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. അഫ്ഗാനെതിരെ ഏഴ് റണ്‍സ് കൂടി നേടിയാല്‍ ഇന്റര്‍നാഷണല്‍ ടി-20യില്‍ ഓപ്പണറായി 1000 റണ്‍സെന്ന നാഴികക്കല്ലിലേക്ക് നടന്നുകയറാന്‍ സഞ്ജുവിന് സാധിക്കും.

ഇന്ത്യക്ക് വേണ്ടി 66 ടി-20യില്‍ കളത്തിലിറങ്ങിയ സഞ്ജു 1432 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്. ഓപ്പണര്‍ എന്ന നിലയില്‍ 993 റണ്‍സുമാണ് ഇന്ത്യക്കായി സഞ്ജു സ്വന്തമാക്കിയത്. മൂന്ന് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും സഞ്ജു ഓപ്പണറായി സ്വന്തമാക്കിയിട്ടുണ്ട്.

സിംബാബ്വേക്കെതിരായ ടി-20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവില്‍ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അഫ്ഗാനെതിരായ സ്‌ക്വാഡില്‍ നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങളും ഇടം നേടിയിട്ടുണ്ട്. ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം നടന്ന അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകള്‍ ശ്രേയസിന്റെ കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

എന്നാല്‍ സിംബാബ്വേക്കെതിരെയുള്ള പരമ്പരയില്‍ ഇന്ത്യ അയ്യരുടെ കീഴില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. അഫ്ഗാനെതിരെയും പരമ്പര വിജയം അവര്‍ത്തിക്കാനാവും ഇന്ത്യ കളത്തിലിറങ്ങുക.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

 

Content Highlight: Sanju Samson need 7 runs to create a new milestone in International T20