ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം തന്‍വീര്‍ അഹ്‌മദ്. ലോകത്തിലെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളെയും ബി.സി.സി.ഐ സ്വന്തമാക്കിയതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അവര്‍ വലിയ രീതിയില്‍ രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല വിദേശ താരങ്ങള്‍ ഐ.പി.എല്ലില്‍ മാത്രം കളിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും പി.എസ്.എല്ലിലോ ലോകത്തെ മറ്റ് ലീഗുകളിലോ വിദേശ താരങ്ങള്‍ കളിക്കുന്നത് ബി.സി.സി.ഐയ്ക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ലോകത്തിലെ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളെയും ബി.സി.സി.ഐ സ്വന്തമാക്കിയതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. അവര്‍ വലിയ രീതിയില്‍ രാഷ്ട്രീയമാണ് കളിക്കുന്നത്. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും താരങ്ങള്‍ ഐ.പി.എല്ലില്‍ മാത്രം കളിക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. പി.എസ്.എല്ലിലോ ലോകത്തെ മറ്റ് ലീഗുകളിലോ അവര്‍ കളിക്കുന്നത് ബി.സി.സി.ഐയ്ക്ക് താത്പര്യമില്ല. എന്തുകൊണ്ടാണ് ഇത്തരം ഇരട്ടത്താപ്പ്?
ലോകമെമ്പാടുമുള്ള താരങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ ഒന്നും പറയാത്തതിന്റെ കാരണവും ഇതാണ്. അവര്‍ക്ക് ഐ.പി.എല്ലില്‍ കളിക്കേണ്ടതുണ്ട്, അതിലൂടെ വലിയ തുക ലഭിക്കുകയും ചെയ്യുന്നു. താരങ്ങളുടെ ദേശീയ ബോര്‍ഡുകള്‍ ഉഭയകക്ഷി പരമ്പരകള്‍ക്കായി ബി ടീമിനെയോ സി ടീമിനെയോ അയയ്ക്കുകയും പ്രധാന താരങ്ങളെ ഐ.പി.എല്ലിനായി സംരക്ഷിക്കുകയും ചെയ്യുന്നു.
ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുള്ള ഇത്തരം സമീപനം തികച്ചും കാപട്യമാണ്. തങ്ങള്‍ക്കുള്ള അധികാരം തെറ്റായ രീതിയിലാണ് അവര്‍ ഉപയോഗിക്കുന്നത്,’ തന്‍വീര്‍ അഹ്‌മദ് ഒരു യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.
ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ക്രിക്കറ്റ് ബോര്‍ഡാണ് ബി.സി.സി.ഐ. ഇതിന്റെ പ്രധാന കാരണം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍ സാമ്പത്തിക വിപണിയും ഐ.പി.എല്ലിന്റെ ആഗോള വളര്‍ച്ചയുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐ.പി.എല്‍ വഴി താരങ്ങള്‍ക്കും മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പല തീരുമാനങ്ങളിലും ബി.സി.സി.ഐയുടെ നിലപാടുകള്‍ക്ക് വലിയ സ്വാധീനം ലഭിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്.
വിദേശ താരങ്ങളുടെ ഐ.പി.എല്‍ പങ്കാളിത്തം, അന്താരാഷ്ട്ര മത്സരങ്ങളുടെ കലണ്ടര്‍, വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ലീഗുകളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ബി.സി.സി.ഐയുടെ താത്പര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുവെന്നാണ് വിമര്‍ശകരുടെ വാദം. ഐ.സി.സി പോലുള്ള ആഗോള ക്രിക്കറ്റ് സംവിധാനങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക പ്രാധാന്യം അതിന്റെ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. മുന്‍ ബി.സി.സി.ഐ തലവന്‍ ജെയ് ഷായാണ് ഇപ്പോള്‍ ഐ.സി.സിയുടെ ചെയര്‍മാന്‍ എന്നും എടുത്തുപറയേണ്ടതാണ്.
Content Highlight: Former Pakistan Player Tanvir Ahmed Criticize BCCI
