ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ഈ സീസണില്‍ ഷമിയുടെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ആഗ്രഹം ഷമിക്കുണ്ടെന്നുമാണ് ഇഷാന്‍ പറഞ്ഞത്. ദുലീപ് ട്രോഫി ഫൈനലിന് മുമ്പ് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.

‘ഈ സീസണില്‍ ഷമി ഭായിയെ കാണുമ്പോള്‍ വലിയ മാറ്റങ്ങള്‍ അദ്ദേഹത്തില്‍ തോന്നുന്നു. മുമ്പ് കണ്ട ഷമിയെ പോലെ തന്നെയാണെങ്കിലും ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും ആവേശത്തിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കാന്‍ സാധിക്കാത്തത് ഒരു താരത്തിന് ബുദ്ധിമുട്ടാണ്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അതേ ആവേശവും പ്രചോദനവും നിലനിര്‍ത്തുക എളുപ്പമല്ല. ഇപ്പോള്‍ ഷമിക്ക് ഇന്ത്യന്‍ ടീമില്‍ വീണ്ടും തിരിച്ചെത്തണമെന്ന് വലിയ ആഗ്രഹമുണ്ട്. ആ ആഗ്രഹം അദ്ദേഹത്തില്‍ വ്യക്തമായി കാണാം,’ ഇഷാന്‍ കിഷന്‍ പറഞ്ഞു.

സമീപകാലങ്ങളില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയിട്ടും ഷമിയെ സെലക്ടര്‍മാര്‍ അവഗണിക്കുകയാണ്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഷമി നടത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്.

രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. 2026 ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.

2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.

 

Content Highlight: Ishan Kishan talks about Muhmeed Shami