കിലുക്കത്തിലൂടെ ബാലതാരമായി ക്യാമറയ്ക്ക് മുമ്പിലെത്തുകയും വര്‍ഷങ്ങള്‍ക്കിപ്പുറം 2022ല്‍ പത്രോസിന്റെ പടപ്പുകള്‍ എന്ന ചിത്രത്തിലെ അരുണ്‍ എന്ന കഥാപാത്രമായി സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്ത അഭിനേതാവാണ് ശ്യാം മോഹന്‍. ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ 2024ല്‍ പുറത്തിറങ്ങിയ പ്രമലു എന്ന ഹിറ്റ് ചിത്രത്തിലെ ആദി എന്ന കഥാപാത്രം താരത്തിന് വലിയ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സംവിധായകന്‍ എസ്.എസ് രാജമൗലി അടക്കം ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ കുറിച്ച് പ്രശംസ അറിയിച്ചിരുന്നു.

Photo: X.com

ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ഹരി ചാക്യാരായുള്ള ശ്യാമിന്റെ പെര്‍ഫോമന്‍സാണ് ഇപ്പോള്‍ സിനിമാലോകത്ത് കൈയടി വാങ്ങുന്നത്. 250 കോടിയും കടന്ന് തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രം വലിയ വിജയമാണ് ഇതിനോടകം നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശ്യാമിന്റെ കഥാപാത്രം, പ്രേമലുവിന് ശേഷം താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു വേഷമായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു അവസാന ഭാഗത്തോടടുത്തുള്ള ഫൈറ്റ് സീന്‍. തന്റെ പ്രകടനം കൊണ്ട് ശ്യാം മോഹന്‍ സീനില്‍ വലിയ കൈയടി നേടിയിരുന്നു. ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് തന്റെ രണ്ട് കാലിലും ഉളുക്ക് ഉണ്ടായിരുന്നുവെന്നും ഇതിന്റെ വേദന സഹിച്ചാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും പറയുകയാണ് താരം. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അത്യാവശ്യം സമയവും ദിവസവുമെടുത്താണ് ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തത്. ഒന്ന് രണ്ട് ഇഞ്ചുറിയും പറ്റിയിരുന്നു. സീനില്‍ ഓടുന്ന സമയത്ത് എന്റെ രണ്ട് കാലും ഉളുക്കിയിരുന്നു. കട്ട് കഴിഞ്ഞ് ഞാന്‍ മുടന്തി മുടന്തി പോകും. അങ്ങനത്തെ അവസ്ഥയായിരുന്നു. ഷൂട്ടിനിടെ കാല്‍ വേദനിച്ച് ഞാന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇതിനൊക്കെ റിസള്‍ട്ട് ഉണ്ടാകും ശ്യാമേ എന്ന് അജ്മല്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ ആ സീന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുന്നത് കാണുമ്പോള്‍ അന്നത്തെ ഫിസിക്കല്‍ സ്‌ട്രെയിനിനും കാര്യങ്ങള്‍ക്കും എല്ലാം ഒരു റിസള്‍ട്ട് കിട്ടിയല്ലോ എന്ന് തോന്നി. ഇതെല്ലാം നമ്മുടെ ജോലിയുടെ ഭാഗമാണല്ലോ. ചില സമയത്ത് എന്തിനാണ് ഇങ്ങനെ വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യിപ്പിക്കുന്നത് എന്നെല്ലാം തോന്നും. പക്ഷേ നമ്മളെ വിഷ്വലി നന്നായി അവതരിപ്പിക്കാന്‍ വേണ്ടി അവര്‍ ചെയ്യുന്നതാണല്ലോ എന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നും,’ ശ്യാം മോഹന്‍ പറഞ്ഞു.

ശ്യാം മോഹന്‍. Photo: Screen Grab / Bhavana studios/ Youtube.com

ചെയ്യുന്ന സമയത്ത് ഈ കഥാപാത്രം വര്‍ക്കാകുമോ എന്ന സംശയം ഉണ്ടായിരുന്നെങ്കിലും ഗിരീഷിനെ വിശ്വസിച്ച് ചെയ്യുകയായിരുന്നുവെന്നും ശ്യാം പറഞ്ഞു. ഏത് ചിത്രത്തിലായാലും ഒരു സീന്‍ ചെയ്ത് കഴിഞ്ഞാല്‍ ഓക്കെയാണോ എന്ന് സംവിധായകന്റെ അടുത്ത് ചോദിക്കുമെന്നും ഗിരീഷ് ഉദ്ദേശിച്ചത് കിട്ടിയില്ലെങ്കില്‍ അദ്ദേഹം തുറന്ന് പറയുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shyam Mohan talks about Physical challenges he faced for Bethlehem Kudumba unit Movie