ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല. ഭുവനേശ്വര്‍ കുമാറിന്റെ മികച്ച പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഭുവി വളരെ മികച്ച രീതിയിലാണ് ഇപ്പോള്‍ കളിക്കുന്നതെന്നും ശുക്ല പറഞ്ഞു. എന്നാല്‍ സെലക്ടര്‍മാര്‍ എന്ത് തീരുമാനമെടുക്കുമെന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭുവനേശ്വര്‍ കുമാറിന്റെ മികച്ച പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. അദ്ദേഹം വളരെ മികച്ച രീതിയിലാണ് ഇപ്പോള്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ ഇക്കാര്യം കണക്കിലെടുത്ത് അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
സമീപകാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെലക്ടര്‍മാര്‍ എന്ത് തീരുമാനമെടുക്കുമെന്നത് അവരുടെ കാര്യമാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമാണ് ഭുവനേശ്വര്‍ കുമാര്‍ മികച്ച ബൗളിങ് പ്രകടനമാണ് നടത്തുന്നത്,’ രാജീവ് ശുക്ല പറഞ്ഞു.

2026 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളില്‍ കളിച്ച താരം 28 വിക്കറ്റുകളാണ് വീഴ്ത്തിയത്.
സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റില്‍ രണ്ടാമനായിരുന്നു ഭുവി. 7.95 എക്കോണമിയും 17.89 ആവറേജുമാണ് ഫാസ്റ്റ് ബൗളര്‍ക്ക് ഈ സീസണിലുള്ളത്. 2025ലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും ഭുവി നേടിയിട്ടുണ്ട്.
ഇന്ത്യയ്ക്ക് വേണ്ടി 86 ടി-20 ഇന്നിങ്‌സുകള്‍ കളിച്ച ഭുവി 90 വിക്കറ്റുകളാണ് സ്വന്തം പേരില്‍ കുറിച്ചത്. നാല് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയതാണ് ഭുവിയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം. എന്നാല്‍ 2022 ശേഷം പേസര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.
2027 ഏകദിന ലോകകപ്പില്‍ ഭുവി വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയണിയുമോയെന്ന് കണ്ടുതന്നെ അറിയണം. ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 21 വരെയാണ് ഏകദിന ലോകകപ്പ്. നമീബിയ, സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ എന്നിവരാണ് ആതിഥേയര്‍. ആതിഥേയ രാജ്യങ്ങളടക്കം 14 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
Content Highlight: Former IPL Chairman Rajeev Shukla Supports Bhuvaneshwar Kumar
