വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ താരം മലയാളത്തിൽ ആദ്യമായി പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തിലെത്തുകയാണ്.

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർഥ് ഭരതൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം 11-നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയാണ് പാർവതി തിരുവോത്ത്.

ഇരുപതു വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടയിൽ അഭിനേതാക്കൾ സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന കഥാപാത്രങ്ങളിൽ നിന്നും ലഭിച്ച ഇമേജുകൾ ബ്രേക്ക് ചെയ്യുക എന്നത് പ്രധാനപ്പെട്ട കാര്യമായിട്ടാണ് ആളുകൾ കാണുന്നത് എന്ന് പറയുകയാണ് പാർവതി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘സിനിമയിൽ നമ്മൾ അഭിനയിച്ചു തുടങ്ങിയപ്പോൾ മുതൽ ഉണ്ടായ ഇമേജ് ബ്രേക്ക് ചെയ്യുക എന്നത് എന്തോ വലിയ കാര്യമയിട്ടാണ് കാലങ്ങളായി എല്ലാവരും കാണുന്നത്. 20 വർഷമായി ഞാൻ കരിയർ തുടങ്ങിയിട്ട്, ആ ഒരു കാലയളവിൽ കണ്ട കുറെ ട്രെൻഡുകളിൽ നിന്നും ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യമാണിത്,’ നടി പറഞ്ഞു.

ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഇമേജുകൾ ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതിന് പകരം, ലഭിക്കുന്ന കഥാപാത്രങ്ങൾക്ക് വ്യത്യസ്തമായ തലങ്ങൾ മികച്ച രീതിയിൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന തന്റെ കാഴ്ചപ്പാടും പാർവതി പങ്കുവെച്ചു.

‘എന്നോട് പലരും ചോദിക്കാറുണ്ട് ബോൾഡ് കഥാപാത്രങ്ങൾ ചെയുന്ന ഇമേജ് ബ്രേക്ക് ചെയ്യണ്ടേ എന്ന്. ആക്ച്വലി ഈ ഇമേജുകൾ ബ്രേക്ക് ചെയ്ത് മടുത്തു.

ഐ ആം ആൾറെഡി ഹിയർ, ഇനി എങ്ങനെയാണെന്ന് വെച്ചാൽ ഉള്ളതിൽ നിന്നും മികച്ചത് കൊണ്ടുവരിക എന്നതാണ്. ഉദാഹരണത്തിന്, ഇപ്പോൾ പ്രഥമദൃഷ്ട്യാ കുറ്റക്കാരിൽ ഞാൻ ഒരു പോലീസ് വേഷമാണ് ചെയ്യുന്നത്. അപ്പോൾ ആ ക്യാരക്ടറിലുള്ള വ്യത്യാസങ്ങളും സൂക്ഷ്മതകളും കൊണ്ടുവരിക എന്നതാണ് പ്രധാനം,’ പാർവതി പറഞ്ഞു.

ഇക്കാര്യങ്ങൾ കൊണ്ടുതന്നെ ഇമേജ് ബ്രേക്കിങ് എന്നത് പ്രത്യേകിച്ച് വലിയ കാര്യമായി തോന്നുന്നില്ലെന്നും പാർവതി വ്യക്തമാക്കി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘ഒരുകാലത്ത് എനിക്ക് റൊമാന്റിക് റോളുകൾ മാത്രമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. എന്ന് വെച്ച് എല്ലാ റൊമാൻസും ഒരുപോലെയല്ലല്ലോ അഭിനയിക്കുന്നത്. ഞാൻ ബാംഗ്ലൂർ ഡേയ്‌സിൽ പറഞ്ഞ ഡയലോഗ് പോലെ ഓരോ ജനലുകളിലൂടെയും കാണുന്ന കാഴ്ചകൾ വ്യത്യസ്തമായിരിക്കുമല്ലോ. അതുകൊണ്ട് ഇമേജ് ബ്രേക്കിംഗ് ഒരു പോയിന്റ്‌ലെസ് എക്‌സർസൈസ് ആയിട്ടാണ് എനിക്ക് തോന്നിയത്,’ പാർവതി തിരുവോത്ത് പറഞ്ഞു.

Content Highlight: Parvathy says that image breaking for characters is a pointless exercise