തന്റെ ക്രിക്കറ്റ് കരിയറില്‍ വഴികാട്ടിയ വ്യക്തികള്‍ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍. ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ക്രിക്കറ്റിലെ തന്റെ പല സംശയങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിച്ചതെന്നാണ് സഞ്ജു പറഞ്ഞത്. ക്രിക്കറ്റിലെ തന്റെ മെന്റര്‍മാര്‍ ആരൊക്കെയാണെന്നും സഞ്ജു വ്യക്തമാക്കി. ലീഡ് ഇന്ത്യ സമ്മിറ്റ് 2026 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
‘രാഹുല്‍ സാര്‍ ഉണ്ടായിരുന്നു. സച്ചിന്‍ സാര്‍ ഉണ്ട്. മഹി ഭായ് ഉണ്ട് ഇപ്പോള്‍ സി.എസ്.കെയില്‍. എന്റെ വീട്ടിലെ ഏറ്റവും വലിയ മെന്റര്‍ അച്ഛനായിരുന്നു ചെറുപ്പത്തില്‍. ഉദാഹരണമായി എനിക്ക് ക്രിക്കറ്റിനെ കുറിച്ചേ പറയാന്‍ കഴിയുകയുള്ളൂ.
ഞാനിത്രയും പ്രാക്ടീസ് ചെയ്തു. എന്നിട്ടും എനിക്ക് റണ്‍സ് നേടാന്‍ പറ്റുന്നില്ല. ഈ ഒരു ചോദ്യത്തിന് എനിക്ക് ഉത്തരം കിട്ടിയത് രാഹുല്‍ ദ്രാവിഡില്‍ നിന്നുമാണ്. ആ ഉത്തരം ഇല്ലായിരുന്നെങ്കില്‍ എന്റെ വളര്‍ച്ച ഇത്രയും ഉണ്ടാവില്ലെന്ന് എനിക്കറിയാം. എന്ത് സംശയങ്ങള്‍ക്കും ക്വാളിഫൈഡായ ഒരു മെന്റര്‍ ഉണ്ടെങ്കില്‍ എല്ലാത്തിനും ഉത്തരം ലഭിക്കും,’ സഞ്ജു സാംസണ്‍ പറഞ്ഞു.
സഞ്ജുവിനെ മികച്ച താരമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചത് രാഹുല്‍ ദ്രാവിഡ് ആയിരുന്നു. രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്റെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് സഞ്ജു റോയല്‍സ് ടീമിലേക്ക് കടന്നുവന്നത്. അണ്ടര്‍ 19 സമയങ്ങളില്‍ കളിക്കുമ്പോഴും ദ്രാവിഡുമായി സഞ്ജു മികച്ച ബന്ധമാണ് സൃഷ്ടിച്ചെടുത്തത്.

2013ലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ഭാഗമാകുന്നത്. ആദ്യ സീസണില്‍ തന്നെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയാണ് സഞ്ജു വരവറിയിച്ചത്. ടീമിന് വിലക്ക് ലഭിച്ച രണ്ട് സീസണുകളില്‍ ദല്‍ഹിക്കായി കളിച്ചതൊഴിച്ചാല്‍ രാജസ്ഥാന്‍ ക്യാമ്പില്‍ സഞ്ജു സ്ഥിരസാന്നിധ്യമായി തുടര്‍ന്നു.
രാജസ്ഥാനായി ബാറ്റെടുത്ത 150 ഇന്നിങ്‌സില്‍ നിന്നും 4219 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. 31.96 ശരാശരിയിലും 140.53 സ്‌ട്രൈക് റേറ്റിലും സ്‌കോര്‍ ചെയ്ത താരം രണ്ട് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും രാജസ്ഥാനായി നേടിയിട്ടുണ്ട്. രാജസ്ഥാന് ക്യാപ്റ്റനെന്ന നിലയില്‍ കിരീടം ചൂടിക്കാന്‍ സാധിച്ചില്ലെങ്കിലും ഷെയ്ന്‍ വോണിന് ശേഷം ടീമിനെ ഫൈനലിലെത്തിച്ച ആദ്യ നായകനായിരുന്നു സഞ്ജു.

രാജസ്ഥാനൊപ്പമുള്ള നീണ്ട വര്‍ഷക്കാലത്തെ കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഈ സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ ചെന്നൈക്കായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്.
Content Highlight: Sanju Samson talks about how Rahul Dravid helped his cricket career
