മലയാളികളെ ആവേശത്തിലാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോസ്റ്റ്. ചെന്നൈ സൂപ്പര്‍താരം സഞ്ജു സാംസണിനൊപ്പം നടന്മാരായ നിവിന്‍ പോളിയും ഫഹദ് ഫാസിലുമുള്ള പോസ്റ്റാണ് സി.എസ്.കെ പങ്കുവെച്ചത്. ‘ചേട്ടന്മാരുടെ ലോകത്തേക്ക് സ്വാഗതം’ എന്ന ക്യാപ്ഷനോടെയാണ് ചെന്നൈയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

അടുത്തിടെ നിവിന്‍ പൊളി നായകനായെത്തിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെ എടുത്ത ചിത്രമാണ് ചെന്നൈ പോസ്റ്റ് ചെയ്തത്. 200 കോടിയും കടന്ന് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്ന ബെത്‌ലഹേമിലെ ജസ്റ്റിന്‍ ചേട്ടനായ നിവിന്‍ പോളി ‘വിസില്‍ പോട്’ എന്നാണ് പോസ്റ്റിനടിയില്‍ കമന്റ് ചെയ്തത്.

കമന്റ് ബോക്‌സില്‍ മലയാളികളുടെ സ്‌നേഹവും നിറഞ്ഞുനിന്നു. ‘സഞ്ജു ചേട്ടനും, ജസ്റ്റിന്‍ ചേട്ടനും, രംഗന്‍ ചേട്ടനും ഒരുമിച്ച് ഉണ്ടല്ലോ’, ‘നിവിനേയും ഫഹദിനെയും ചെന്നൈ ലേലത്തില്‍ എടുത്തോ’ തുടങ്ങിയ രസകരമായ കമന്റുകളാണ് ആളുകള്‍ പങ്കുവെച്ചത്.

മലയാള സിനിമ താരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് സഞ്ജു. ബേസില്‍ ജോസഫ് നായകനായെത്തിയ ‘അതിരടി’ എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷന് സഞ്ജുവെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന്റെ പ്രൊമോഷന്റെ ഭാഗമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സഞ്ജുവും ഒരുമിച്ച് അഭിനയിച്ച പോസ്റ്റും വൈറലായിരുന്നു.

അതേസമയം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ 13 മുതല്‍ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലൂടെയാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ ജേഴ്‌സി അണിയുക.

സിംബാബ്‌വേക്കെതിരായ ടി-20 പരമ്പരയില്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉണ്ടായിരുന്നില്ല. അയര്‍ലാന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ട് പരമ്പരയിലും മോശം പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്.

ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അഫ്ഗാന്‍ പരമ്പരയില്‍ ഇടം നേടി വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് സഞ്ജു തയ്യാറെടുക്കുന്നത്.

 

Content Highlight: Chennai Super Kings shared a post featuring actors Nivin Pauly and Fahadh Faasil along with Sanju Samson