തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ രമ്യ ഹരിദാസിനെ ലക്ഷ്യം വെച്ച് സമൂഹ മാധ്യമങ്ങളില്‍ പരിഹാസവും കുറ്റപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് എം.എല്‍.എ രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ചില യുവ കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയത്.

രമ്യ ഹരിദാസിന്റെ പേര് പറയാതെ അവരെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇത്തരം ഫേസ്ബുക്ക് പോസ്റ്റുകള്‍. കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി, കെ.പി.സി.സി വക്താവ് വസന്ത് സിറിയക് പ്രൊഫഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് അരബി തുടങ്ങിയവരാണ് പാര്‍ട്ടി എം.എല്‍.എയെ ലക്ഷ്യം വച്ച് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ നടത്തിയത്.

‘എന്തുകൊണ്ട് യു.ഡി.എഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു. ഉത്തരം കിട്ടിയല്ലോ,’ എന്നാണ് റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സിറ്റിങ് എം.പി രമ്യ ഹരിദാസ് സി.പി.ഐ.എമ്മിന്റെ കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു റിജിലിന്റെ പരാമര്‍ശം. 2024ലെ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20ല്‍ 18 ലോക്‌സഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ജയിച്ചപ്പോള്‍ ആലത്തൂരില്‍ മാത്രമായിരുന്നു എല്‍.ഡി.എഫ് ജയിച്ചത്.

‘നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല,’ എന്നാണ് കെ.പി.സി.സി വക്താവ് അഡ്വ. വസന്ത് സിറിയക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താനെന്നും കെ.പി.സി.സി വക്താവ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റും രമ്യ ഹരിദാസ് നാടന്‍ പാട്ടുകള്‍ പാടിയതിനെ ഓര്‍മിപ്പിച്ചായിരുന്നു വസന്തിന്റെ പ്രതികരണം.

രമ്യ ഹരിദാസിനെതിരെ ശക്തമായ സംഘടനാ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണം എന്നാണ് ഹാരിസ് അരബി ഫേസ്ബുക്ക് പോസ്റ്റില് അഭിപ്രായപ്പെട്ടത്. രമ്യ ഹരിദാസിന്റെ പേര് പറയാതെയായിരുന്നു ഹാരിസിന്റെ ഫേസ്ബുക്ക് പോസ്റ്റും.

‘കേരളത്തില്‍, പോട്ടെ ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അത്രയും ക്ഷമയും സഹന ശേഷിയും കാണില്ല,’ എന്ന് പറഞ്ഞാണ് ഹാരിസിന്റെ പോസ്റ്റ് തുടങ്ങുന്നത്.

‘വാനമ്പാടിയെ ഹാന്റ് പിക്ക് ചെയ്തു എം.പി ആക്കുക. എന്നിട്ട് വാനമ്പാടിയുടെ വാനമ്പാടനെ പാര്‍ട്ടി നേതാക്കള്‍ക്ക് മുകളില്‍ പ്രതിഷ്ടിക്കുന്നത് കണ്ടിട്ടും മിണ്ടാതെ ഇരിക്കുക. നേതാക്കള്‍ വിളിക്കുമ്പോള്‍ വാനമ്പാടി ഫോണ്‍ എടുക്കാതിരിക്കുക. നേതാക്കളെ അവഗണിച്ചു വാനമ്പാടനെ മാത്രം അനുസരിക്കുക.

ഒരു പോലെ നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വെറുപ്പും വിദ്വേഷവും പരമാവധി സമ്പാദിക്കുക. നേതാക്കള്‍ ഇതൊക്കെ കണ്ടു പ്രതികരിക്കാന്‍ പോലും ശേഷി ഇല്ലാതെ ഇരിക്കുക. ബാക്ക് ടു ബാക്ക് ആയി ആരോപണങ്ങള്‍ അനവധി ഉയര്‍ന്നു വരിക.

ജയിച്ച സീറ്റ് മനോഹരമായി തോല്‍ക്കുക. തോറ്റിട്ടും വീണ്ടും സീറ്റ് നല്‍കുക. അതും തോറ്റിട്ടും വീണ്ടും സീറ്റ് ലഭിക്കുക. കേരളത്തില്‍ എല്ലാ യോഗ്യതയും കഴിവും വിദ്യാഭ്യാസവും പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യവും ഉള്ളവര്‍ പുറത്ത് നില്‍ക്കുമ്പോഴും തോറ്റു തോറ്റ ആളെ മാത്രം റീ കാസ്റ്റ് ചെയ്യുക.

യുഡിഎഫ് തരംഗത്തില്‍ ഇത്തവണ ജയിച്ചു കയറിയപ്പോള്‍ വീണ്ടും അടുത്ത തവണ മണ്ഡലത്തില്‍ ജയിക്കാന്‍ പറ്റാത്ത തരത്തില്‍ പ്രവര്‍ത്തകരെ മര്‍ദ്ധിച്ചും കള്ള കേസ് കൊടുത്തും പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇല്ലാതാക്കുക. ഇവര്‍ക്കെതിരെ ശക്തമായ സംഘടനാ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുക തന്നെ വേണം,’ ഹാരിസ് അരബി കുറിച്ചു.

ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും രമ്യ ഹരിദാസ് എം.എല്‍.എയും തമ്മിലുണ്ടായ സംഘര്‍ഷവും കയ്യാങ്കളിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി തല അന്വേഷണമുണ്ടാവുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മന്ത്രി സണ്ണി ജോസഫ് ഇന്നലെ (സെപ്റ്റംബര്‍ അഞ്ച്, ശനി) അറിയിച്ചിരു്‌നനു. കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം. ഹസന് അന്വേഷണത്തിന്റെ ചുമതല നല്‍കിയതായി മാധ്യമങ്ങളോട് സംസാരിക്കവെ സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

ഈ വിഷയത്തെ ഗൗരവമായാണ് കാണുന്നത്. അതുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനം നടത്തിയ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്കെതിരെ കൃത്യമായിട്ടുള്ള സംഘടനാപരമായ അച്ചടക്ക നടപടികളുണ്ടാവുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.

രമ്യ ഹരിദാസും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തന്നെ ചായക്കുടിക്കാന്‍ വിളിച്ച് വരുത്തി മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ എം.എല്‍.എയും സംഘവും വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നുവെന്ന് മറുപക്ഷവും വാദിക്കുന്നു.

Content Highlight: Facebook posts of Congress Leaders Targetting Ramya Haridas MLA