തിരുവന്തപുരം: ചിറയിന്‍കീഴ് എം.എല്‍.എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കത്തില്‍ പരിഹാസവുമായി എസ്.എഫ്.ഐ പ്രസിഡന്റ് എം. ശിവപ്രസാദ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തടയാനും എം.എല്‍,എയെ അടിക്കാനും കോണ്‍ഗ്രസ് തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തടയാന്‍ കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് എം.എല്‍.എ യെ അടിക്കാനും, എം.എല്‍.എയ് ക്ക് അടിക്കാനും കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസിന്റെ 100 ദിന കര്‍മ്മ പരിപാടി ഗംഭീരമാവുന്നുണ്ട്. ആരാധകര്‍ ശാന്തരാവണം, കലാപരിപാടികള്‍ തുടരും,’ ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ചിറയിന്‍ കീഴ് എം.എല്‍.എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലാണ് കയ്യാങ്കളി നടന്നത്. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ ചായക്കുടിക്കാന്‍ വിളിച്ച് വരുത്തി മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ ആരോപണം. അവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ എം.എല്‍.എ അടിച്ചുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം സജിത്തും ആരോപിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നിരുന്നു. ഇതില്‍ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തിരുന്നു. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാളയം പ്രദീപ്. ഇതിനെ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിന് കാരണമായത്.
ഇരു കൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ സജാദും ഭാര്യയും നല്‍കിയ പരാതിയിലാണ് രമ്യ ഹരിദാസ് എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അതേസമയം, എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഭാരവാഹികളായ ഏഴ് പേര്‍ക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിഷയം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. നാടന്‍ പാട്ട് മാത്രമല്ല നാടന്‍ തല്ലും വശമുണ്ടെന്നായിരുന്നു സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ വി.ശിവന്‍കുട്ടുിയുടെ പരിഹാസം.
Content Highlight: Congress members ready to both strike the MLA and take a beating from him; the ‘100-Day Action Plan’ is a spectacular show—fans should stay calm, the entertainment continues: M. Sivaprasad quips.
