ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം എം.എ. ചിദമ്പരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സിന്റെ മികച്ച നിലയിലാണ്.

മത്സരത്തില്‍ ഈസ്റ്റ് സോണിന് വേണ്ടി മികച്ച പ്രകടനം നടത്തുന്നത് ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ്. സെഞ്ച്വറി നേടിയാണ് താരം ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവില്‍ 135 പന്തില്‍ 111 റണ്‍സ് നേടിയാണ് താരം ക്രീസില്‍ തുടരുന്നത്. ഒരു സിക്‌സും 14 ഫോറുമാണ് താരം നേടിയത്. ഫസ്റ്റ് ക്ലാസില്‍ 10ാം സെഞ്ച്വറിയാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കുന്നത്. താരത്തിന് പുറമെ കുമാര്‍ കുശാഗ്ര 75 പന്തില്‍ 63 റണ്‍സുമായും ക്രീസിലുണ്ട്.

മത്സരത്തില്‍ മികച്ച തുടക്കമായിരുന്നു ഈസ്റ്റ് സോണിന്. ഒന്നാം വിക്കറ്റില്‍ വൈഭവ്-അഭിമന്യു ഈശ്വരന്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍, ആക്രമിച്ച് കളിച്ച വൈഭവ് 15ാം ഓവറില്‍ 44 റണ്‍സ് നേടി മടങ്ങി.

പിന്നാലെ ഈശ്വരന്‍ 72 റണ്‍സിനും പവലിയനില്‍ തിരിച്ചെത്തി. ഒരു സിക്‌സും 10 ഫോറും നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സുദീപ് കുമാര്‍ ഗരാമി (6) പെട്ടന്ന് തന്നെ കൂടാരം കയറി. ഇതോടെ മൂന്നിന് 147 എന്ന നിലയിലായി ഈസ്റ്റ് സോണ്‍. പിന്നീട് കിഷന്‍-ശിഖര്‍ മോഹന്‍ (85) സഖ്യം ചേര്‍ത്ത 94 റണ്‍സാണ് ടീമിന് തുണയായത്.

എന്നാല്‍ ശിഖറിനെ ബൗള്‍ഡാക്കി മിലിന്ദ് സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. എങ്കിലും സൗത്ത് സൗണിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ക്രീസിലെത്തിയ കുശാഗ്ര ഇതുവരെ കിഷനൊപ്പം 144 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.

മിലിന്ദിന് പുറമെ ത്രുപുരാന വിജയ് ഒരു വിക്കറ്റ് വീഴ്ത്തി. മലയാളി താരം എം.ഡി നിതീഷിന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. മുഹമ്മദ് സിറാജും വിക്കറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചില്ല.

Content Highlight: Ishan Kishan Achieve Century Against South Zone In Duleep Trophy