ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണും സൗത്ത് സോണും ഏറ്റുമുട്ടുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയമാണ് കലാശപ്പോരിന് വേദിയാവുന്നത്. ചെപ്പോക് സ്റ്റേഡിയം മുഴുവൻ ആരാധകരാൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് ഫൈനലിൽ കാണാനായത്.
ബി.സി.സി.ഐ കാണികൾക്ക് സൗജന്യമായി സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചതോടെ വലിയൊരു ആരാധകവൃന്ദമാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കനത്ത ചൂടിനെ പോലും വകവെക്കാതെയാണ് ആരാധകർ ഫൈനൽ പോരാട്ടം കാണാനെത്തിയത്.
ഇതിന് പിന്നിൽ യുവതാരം വൈഭവ് സൂര്യവംശിയുടെ പേരും എടുത്തു പറയണം. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി അത്ഭുത താരമെന്ന് ഏവരും വിലയിരുത്തിയ വൈഭവിന്റെ ബാറ്റിങ് വിസ്ഫോടനം നേരിൽ കാണാൻ കൂടിയാണ് ആരാധകർ ചെപ്പോക്കിലെത്തിയത്.
വൈഭവിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാനെത്തിയ ആരാധകരെ നിരാശരാക്കാതെ 15കാരൻ മിന്നും പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സിൽ 37 പന്തിൽ 44 റൺസ് നേടിയാണ് വൈഭവ് തിളങ്ങിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് 15കാരന്റെ ബാറ്റിൽ നിന്നും പിറന്നത്. റെഡ് ബോൾ ഫോർമാറ്റിലും ടി-20 മോഡിലായിരുന്നു വൈഭവിന്റെ ബാറ്റിങ് പ്രകടനം.
തന്റെ പതിവ് അറ്റാക്കിങ് ശൈലിയിൽ മാറ്റം വരുത്താതെയായിരുന്നു വൈഭവിന്റെ ബാറ്റിങ് പ്രകടനം. ചെന്നൈ സൂപ്പർ കിങ്സിന്റെയും എം.എസ് ധോണിയുടെയും ഇപ്പോൾ മലയാളി താരം സഞ്ജു സാംസണിന്റെയും സ്വന്തം തട്ടകമായ ചെപ്പോക്കിന്റെ മണ്ണിൽ വൈഭവും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
ദുലീപ് ട്രോഫി സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരെയും തകർപ്പൻ പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. വൈഭവ് 81 പന്തിൽ 92 റൺസ് നേടിയാണ് തിളങ്ങിയത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ഇതോടെ ദുലീപ് ട്രോഫിയിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറിയിരുന്നു. 15 വയസും 157 ദിവസവും പ്രായമായുള്ളപ്പോഴാണ് താരത്തിന്റെ ഈ ചരിത്രനേട്ടം. 57 വർഷം പഴക്കമുള്ള റെക്കോഡാണ് വൈഭവ് തകർത്തത്. 1969ൽ ലക്ഷ്മൺ സിങ് നേടിയ റെക്കോഡാണ് വൈഭവ് തകർത്തെറിഞ്ഞത്.
അതേസമയം ഫൈനൽ മത്സരത്തിൽ ഈസ്റ്റ് സോൺ ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തുടരുകയാണ്. അഭിമന്യു ഈശ്വരൻ 86 പന്തുകളിൽ നിന്നും 76 റൺസ് നേടി മികച്ച പ്രകടനം നടത്തി. 10 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Content Highlight: Vaibhav Suryavanshi great performance in Duleep trophy final
