വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനിക നീക്കങ്ങള്‍ക്ക് ശേഷം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ പൂര്‍ണ മേധാവിത്വം ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്‍ പദ്ധതി ആവിഷ്‌കരിക്കുന്നു. മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ഏകോപിപ്പിച്ച് ഇറാനെ പൂര്‍ണമായും പ്രതിരോധത്തിലാക്കാനും ഇസ്രഈലിന് പുതിയ പ്രാദേശിക പങ്കാളിത്തങ്ങള്‍ ഉറപ്പാക്കാനുമാണ് യു.എസ് നീക്കം. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് ആണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ട്രംപിന്റെ മുതിര്‍ന്ന ഉപദേശകരും വിവിധ സുരക്ഷാനയതന്ത്ര ഏജന്‍സികളും ചേര്‍ന്നാണ് പുതിയ തന്ത്രത്തിന് രൂപം നല്‍കുന്നത്. മേഖലയിലെ യു.എസ് അനുകൂല രാജ്യങ്ങളെയും ഇസ്രഈലിനെയും കോര്‍ത്തിണക്കി ഇറാനെതിരെ ശക്തമായ സുരക്ഷാ സഖ്യം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഇസ്രഈല്‍ -സിറിയ സുരക്ഷാ ധാരണകള്‍ വേഗത്തിലാക്കുന്നതിനൊപ്പം നിലവിലുള്ള ഇസ്രഈല്‍-ലെബനന്‍ കരാര്‍ പൂര്‍ണമായി നടപ്പിലാക്കാനും നീക്കമുണ്ട്.

മുന്‍പ് തുടക്കം കുറിച്ച ‘അബ്രഹാം ഉടമ്പടി’ വിപുലീകരിച്ച് സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിക്കുക എന്നത് പദ്ധതിയുടെ പ്രധാന ഭാഗമാണ്. ഇത് മേഖലയില്‍ യു.എസിന് വലിയ രാഷ്ട്രീയ നേട്ടം നല്‍കും.

ഒക്ടോബര്‍ 27ന് നടക്കുന്ന ഇസ്രഈല്‍ പൊതു തെരഞ്ഞെടുപ്പും നവംബറിലെ യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പും ഈ നയരൂപീകരണത്തെ സ്വാധീനിക്കും. ഇസ്രഈലില്‍ അധികാരത്തില്‍ വരുന്ന പുതിയ ഭരണകൂടം തങ്ങളുടെ പദ്ധതിയുമായി സഹകരിക്കുമെന്നാണ് ട്രംപ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍, ഇസ്രഈലിലെ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിലായാല്‍ പോലും കാത്തുനില്‍ക്കാതെ പദ്ധതി നടപ്പിലാക്കാന്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Content Highlight: Trump readies for major moves in West Asia following the Iran conflict; new strategies being devised behind the scenes.