ടെഹ്‌റാന്‍: പേര്‍ഷ്യന്‍ ഗള്‍ഫിലും ഒമാന്‍ ഉള്‍ക്കടലിലുമായി മൂന്ന് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തകര്‍ത്തെന്ന് യു.എസ് സൈന്യം. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സുമായി (ഐ.ആര്‍.ജി.സി) ബന്ധമുള്ള കപ്പലുകളാണ് തകര്‍ത്തതെന്നും യു.എസ് സൈന്യം അവകാശപ്പെടുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഐ.ആര്‍.ജി.സി ബന്ധമുള്ള എം/ടി ഡൗണി എം/ടി സ്റ്റാര്‍ക്ക് എന്നീ രണ്ട് കപ്പലുകള്‍ തകര്‍ത്തതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇറാന്റെ ജാസ്‌ക് തുറമുഖത്തിന് സമീപവും ഖാര്‍ഗ് ദ്വീപ് തീരത്തിന് സമീപവും വച്ചാണ് കപ്പലുകള്‍ ആക്രമിച്ചത്. കപ്പലുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതായും പ്രസ്താവനയില്‍ പറയുന്നു.

ഒമാന്‍ ഉള്‍ക്കടലില്‍ മൂന്നാമത്തെ കപ്പലായ എം/ടി കൈലോയും ആക്രമിച്ചു. കപ്പല്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് കപ്പല്‍ ആക്രമിച്ചതെന്നും സെന്റ്‌കോം അവകാശപ്പെടുന്നു.

ഈ മൂന്ന് കപ്പലുകളും ഐ.ആര്‍.ജി.സിക്കും മേഖലയിലെ അവരുടെ സഖ്യകക്ഷികള്‍ക്കും വരുമാനം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ‘മള്‍ട്ടി ബില്യണ്‍ ഡോളര്‍ ഷാഡോ നെറ്റ്വര്‍ക്കിന്റെ’ ഭാഗമാണെന്ന് യു.എസ് സൈന്യം ആരോപിക്കുന്നു. ഒരു യുഎസ് വിമാനവാഹിനിക്കപ്പലിനും ഒരു ഗൈഡഡ്-മിസൈല്‍ ഡിസ്‌ട്രോയറിനും നേര്‍ക്ക് ഇറാന്റെ ആക്രമണമുണ്ടായെന്നും സെന്റ് കോം പറഞ്ഞു.

നേരത്തെ, ഖാര്‍ഗ് ദ്വീപിനടുത്തുള്ള ഒരു ടാങ്കര്‍ യു.എസ് സേന ആക്രമിച്ചെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദ്വീപില്‍ നിന്ന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇറാനിയന്‍ ടാങ്കറില്‍ നാല് മിസൈലുകള്‍ പതിച്ചതായി പ്രദേശത്തുനിന്നുള്ളവര്‍ അറിയിച്ചതായി ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇറാനിയന്‍ അധികൃതരില്‍ നിന്ന് ആക്രമണം സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇറാനും അമേരിക്കയും പരസ്പരം ആക്രമണം നടത്തിയിരുന്നു. ഇത് കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.

തിങ്കളാഴ്ച, ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍ യു.എസ് സായുധ സേന ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച, ഖുസെസ്ഥാന്‍ പ്രവിശ്യയിലെ അഹ്വാസ്, അഗജാരി എന്നിവയ്ക്ക് സമീപമുള്ള മൂന്ന് സ്ഥലങ്ങളില്‍ യു.എസ് മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. അതില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഖുസെസ്ഥാന്‍ പ്രവിശ്യാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

അതേ ദിവസം, ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഒരു വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ യു.എസ് സൈന്യം ഒരു കെട്ടിടത്തില്‍ ആക്രമണം നടത്തിയതില്‍ കുറഞ്ഞത് അഞ്ച് പേര്‍ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യു.എസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ സൈന്യം ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഫെബ്രുവരിയിലാണ് യു.എസ് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തിലുണ്ടായ ആക്രമണങ്ങളെത്തുടര്‍ന്ന് ആശങ്ക ഉയര്‍ന്നിരുന്നു.

ഖാര്‍ഗ് ദ്വീപ് ‘തകര്‍ക്കപ്പെടുകയാണ്’ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 31ന് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരുന്നു. ഖാര്‍ഗ് ആക്രമിക്കപ്പെട്ടാല്‍ ശക്തമായ പ്രതികരണം നടത്തുമെന്ന് ഇറാനിയന്‍ അധികാരികളും പ്രതികരിച്ചിരുന്നു.

Content Highlight: US military says it destroyed 3 Iranian oil tankers