വനിതാ ഏഷ്യാ കപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത പാകിസ്ഥാനെ അവരുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോറായ 55ന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളിങ് യൂണിറ്റ് തിളങ്ങിയത്.

ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും എതിരാളികളെ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ഇതില്‍ ആരെയും 65 റണ്‍സിനപ്പുറം കടക്കാന്‍ അനുവദിച്ചില്ല എന്നതാണ് മറ്റൊരു വസ്തുത.

തായ്‌ലാന്‍ഡിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലാന്‍ഡിനെ 65 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 94 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി.

ദീപ്തി ശര്‍മയും നന്ദിനി ശര്‍മയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ശ്രീ ചാരിണിയും തിളങ്ങി. ക്രാന്തി ഗൗഡ് ഒരു തായ്‌ലാന്‍ഡ് ബാറ്ററെയും പുറത്താക്കി.

ഹോങ് കോങ്ങിനെതിരെയായിരുന്നു ഇന്ത്യയുടെ രണ്ടാം മത്സരം. ചരിത്രം പിറന്ന സ്മൃതി മന്ഥാനയുടെ സെഞ്ച്വറി കരുത്തില്‍ അഞ്ച് വിക്കറ്റിന് 193 റണ്‍സടിച്ച ഇന്ത്യ 56 റണ്‍സിന് എതിരാളികളെ മടക്കി 137 റണ്‍സിന്റെ പടുകൂറ്റന്‍ ജയം തങ്ങളുടെ പേരില്‍ കുറിച്ചു.

ദീപ്തി ശര്‍മ ഇത്തവണയും മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ നന്ദിനി ശര്‍മ, പ്രേമ റാവത്ത്, ശ്രീചാരിണി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

പാകിസ്ഥാനെതിരായ മത്സരത്തിലും ഇന്ത്യന്‍ ബൗളിങ് യൂണിറ്റിന്റെ അഴിഞ്ഞാട്ടമാണ് ആരാധകര്‍ കണ്ടത്. 55 റണ്‍സിനാണ് പാകിസ്ഥാനെ ഇന്ത്യ പുറത്താക്കിയത്.

ഇന്ത്യയ്ക്കായി പ്രേമ റാവത്തും ശ്രീ ചാരിണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ രണ്ട് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി. അയ്മന്‍ ഫാത്തിമ റണ്‍ ഔട്ടായപ്പോള്‍ ഷെഫാലി വര്‍മ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇതിനോടകം രണ്ട് മത്സരം വിജയിച്ച ഇന്ത്യ സെമി ഫൈനലും ഉറപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെ വിജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെ സെമി കളിക്കാന്‍ ഇന്ത്യ്ക്കാകും.

Content Highlight: India bowled out their opponents in all three matches played during the Women’s Asia Cup group stage.