ന്യൂദല്‍ഹി: ജന്തര്‍ മന്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 2,873 പേര്‍ക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയെന്ന ദല്‍ഹി പൊലീസിന്റെ അവകാശ വാദത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് ദേശീയ മാധ്യമത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് ഓണ്‍ലൈന്‍ ഇന്ന് പ്രസിദ്ധീകരിച്ച ഒരു അന്വേഷണ റിപ്പോര്‍ട്ടിലാണ് ദല്‍ഹി പൊലീസിന്റെ അവകാശ വാദങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കണ്ടെത്തലുകളുള്ളത്.
ജൂലൈ 20 നും 26 നും ഇടയില്‍ ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 2,873 പേരെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം (എഫ്.ആര്‍.എസ്) വഴി തിരിച്ചറിഞ്ഞതായി ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ 2,873 പേരില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതകശ്രമം എന്നീ ഗുരുതര കുറ്റങ്ങള്‍ ചെയ്തതായി പറയുന്ന 205 പേരില്‍ കുറഞ്ഞത് 25 പേരെങ്കിലും ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന്റെ സമയത്ത് ജയിലിനകത്തായിരുന്നെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ജൂലൈ 20നും 26നും ഇടയില്‍ ഇവര്‍ തിഹാര്‍, മണ്ടോളി,രോഹിണി ജയിലുകളിലായിരുന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ ദിവസങ്ങളില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടയില്‍ നിന്ന് ഇവരുടെ മുഖം എഫ്.ആര്‍.എസ് വഴി തിരിച്ചറിഞ്ഞെന്നാണ് ദല്‍ഹി പൊലീസ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.
ഓഗസ്റ്റ് 17 നാണ് പൊലീസ് സത്യവാങ്മൂലം സമര്‍പിച്ചത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ ജന്തര്‍ മന്തറിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന വിദ്യാര്‍ത്ഥി- യുവജന പ്രതിഷേധങ്ങള്‍ക്കെതിരായ എല്ലാ എഫ്.ഐ.ആറുകളും ഈ മാസം ഒന്നിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ സത്യവാങ്മൂലത്തില്‍ പറയുന്ന 2,873 പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനെ അനുവദിക്കുകയും ചെയ്തിരുന്നു.
2,873 പേരില്‍ 2,402 പേരുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം തിരിച്ചറിഞ്ഞത് പൊലീസിന്റെ കുണ്ട്‌ലി ഡാറ്റാബേസുമായി ഒത്തു നോക്കിയാണെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. ഡോസിയര്‍ രേഖകള്‍ ഒത്തു നോക്കിയാണ് 471 പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി കണ്ടെത്തിയതെന്നും ദല്‍ഹി പൊലീസ് സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നു.
കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചെയ്തതായി സത്യവാങ്ങ്മൂലത്തില്‍ പറയുന്ന 205 പേരില്‍ 25 പേര്‍ ജന്തര്‍ മന്തറില്‍ ആ സമയത്തുണ്ടായിരുന്നില്ല എന്നും ജയിലാണ് ഉണ്ടായിരുന്നതെന്നും ഇന്ത്യന്‍ എക്‌സ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 205ല്‍ 25 പേര്‍ ജയിലിലായിരുന്നു എന്ന് കണ്ടെത്തിയതോടെ ഇതില്‍ 12ശതമാനം തെറ്റുണ്ടെന്ന് സ്ഥീരികരിച്ചതായി ഇന്ത്യന്‍ എക്‌സ് പ്രസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ (ഐ.എഫ്.എഫ്) അഭിപ്രായപ്പെട്ടു. പട്ടികയിലെ ശേഷിക്കുന്ന 2,668 പേരുടെ അവസ്ഥയും ഇതിലും ഭേദമായിരിക്കില്ലെന്നും ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു.
പട്ടികയിലുള്ള ആളുകള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അത് ഒരു സ്വതന്ത്ര സാങ്കേതിക ഓഡിറ്റിന് വിധേയമാക്കേണ്ടത് ആവശ്യമാണ്. മുഖം തിരിച്ചറിയല്‍ സംവിധാനം അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യത്തിനപ്പുറം ഉപയോഗിക്കുന്നുണ്ടെന്നും ഐ.എഫ്.എഫ്. ചൂണ്ടിക്കാട്ടി.
കാണാതാവുന്ന കുട്ടികളെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ദല്‍ഹി ഹൈക്കോടതി നടപടികളെത്തുടര്‍ന്ന് 2018 ലാണ് ഈ സംവിധാനം വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ പൊതു പ്രതിഷേധത്തില്‍ ആളുകളെ തിരിച്ചറിയാന്‍ ഇത് ഉപയോഗിക്കുകയാണെന്ന് ഐ.എഫ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ദല്‍ഹി പൊലീസിന്റെ 2,873 പേരുടെ പട്ടിക പിന്‍വലിക്കണം. ഇന്ത്യന്‍ എക്‌സ്പ്രസ് കണ്ടെത്തലുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. ഫേഷ്യല്‍ റെകഗ്നിഷന്‍ സംവിധാനം സ്വതന്ത്രമായി ഓഡിറ്റ് ചെയ്യണം. ആ ഓഡിറ്റ് പൂര്‍ത്തിയാവുന്നത് വരെ ഫേഷ്യല്‍ റെകഗ്നിഷന്‍ സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കണമെന്നും ഐ.എഫ്.എഫ് ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടു.
പൊതുസമ്മേളനങ്ങളിലും പ്രതിഷേധങ്ങളിലും മുഖം തിരിച്ചറിയലിന് മൊറട്ടോറിയം ഏര്‍പ്പെടുത്തണം. ബയോമെട്രിക് നിരീക്ഷണത്തെ നിയന്ത്രിക്കുന്ന ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കണമെന്നും ഐ.എഫ്.എഫ് ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും അടക്കമുള്ളവരും ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചു. മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ അപകടകരമായ വിധത്തില്‍ വിശ്വാസ യോഗ്യമല്ലാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
പുതിയ കണ്ടെത്തലുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വിദ്യാര്‍ത്ഥി പ്രതിഷേധത്തെ അപകീര്‍ത്തിപ്പെടുത്താനായി പ്രതിഷേധത്തില്‍ കുറ്റവാളികളുടെ സാന്നിദ്ധ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നും പവന്‍ ഖേര അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്നെങ്കില്‍ ഈ സാങ്കേതികവിദ്യ വിശ്വസിക്കാന്‍ പറ്റാത്തതാണ്. അങ്ങനെയാണെങ്കില്‍ എന്തിനാണ് പൊലീസ് പ്രതിഷേധക്കാരെ ചിത്രീകരിക്കാന്‍ അത് ഉപയോഗിക്കുന്നതെന്ന് ഖേര ചോദിച്ചു.
അല്ലെങ്കില്‍ സാങ്കേതിക വിദ്യ അല്ല പ്രശ്‌നം. പൊലീസാണ്. അവര്‍ വിദ്യാര്‍ത്ഥി സമരത്തെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സാങ്കേതിക വിദ്യക്ക് കൃത്യതയുണ്ടെങ്കില്‍ അത് എങ്ങനെ ‘ജയിലില്‍ കഴിയുന്ന’ ആളുകളെ പ്രതിഷേധക്കാരായി തിരിച്ചറിയുന്നുവെന്നും ഖേര ചോദിച്ചു.
പുതിയ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജ് പ്രതികരിച്ചു. ജന്തര്‍ മന്തറില്‍ 2,873 പേരുടെ സാന്നിധ്യത്തെക്കുറിച്ച് സര്‍ക്കാരും പൊലീസും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചോ എന്നും അവര്‍ ചോദിച്ചു.
മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ നിയമവിരുദ്ധവും മണ്ടത്തരവുമാണെന്ന് അഭിഭാഷകയും ആക്ടിവിസ്റ്റുമായ വൃന്ദ ഗ്രോവര്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു. ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കെതിരെ വെറുപ്പുണ്ടാക്കാനായി സര്‍ക്കാരും ദല്‍ഹി പോലീസും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും അവര്‍ പറഞ്ഞു.
Content Highlight: 25 people were in jail when facial recognition placed them at Jantar Mantar protest- Report
