ന്യൂദല്‍ഹി: ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത ദളിത് പെണ്‍കുട്ടി നിഷുവിന്റെ പിതാവിനെ മര്‍ദിച്ച സംഘപരിവാര്‍ ഗുണ്ടയും സ്വയം പ്രഖ്യാപിത ഗോരക്ഷകനുമായ സ്വതന്ത്ര ഭരദ്വാജിനെ ദല്‍ഹി പൊലീസ് ഉത്തര്‍ പ്രദേശില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഇരുപതിന് താന്‍ നിഷു യാദവിന്റെ പിതാവിന്റെ തല അടിച്ച് തകര്‍ത്തെന്നും എന്നാല്‍ ദല്‍ഹി മന്ത്രി കപില്‍ ശര്‍മ പൊലീസിനെ വിളിച്ച് പറഞ്ഞതിനാല്‍ താന്‍ ജയിലിലാവാതെ സ്വതന്ത്രനായി നടക്കുകയായിരുന്നെന്നും സ്വതന്ത്ര ഭരദ്വാജ് ഒരു പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു.
പോഡ്കാസ്റ്റ് പുറത്തുവന്നതിനെത്തുടര്‍ന്ന് ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി കുത്തിയിരിപ്പ് സമരം നടത്തുകയും സമരത്തിന് മുന്നില്‍ മുട്ട് മടക്കിയ പൊലീസ് സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളില്‍ കസ്റ്റഡിയിലെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭരദ്വാജിനെ ഉത്തര്‍ പ്രദേശിലെ ബുലന്ത്ഷഹറില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബുലന്ത്ഷഹറിലെ ധമ്ര നാര ഗ്രാമത്തിന് സമീപം വെച്ചാണ് ഗുണ്ടയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഭരദ്വാജിന്റെ ലോക്കേഷന്‍ മനസ്സിലാക്കിയ ദല്‍ഹി പൊലീസ് സംഘം ബുലന്ദ്ഷഹറില്‍ എത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ സ്വതന്ത്ര ഭരദ്വാജിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നവാശ്യപ്പെട്ടായിരുന്നു ഇന്ന് (സെപ്തംബര്‍ നാല്, വെള്ളി) സി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സമരം.
നിഷു ആസാദും പിതാവും പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഭരത്വാജിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കേസെടുക്കുന്നത് വരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമാണ് സമരക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
സമരക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് കണ്ടതോടെ പൊലീസ് മുട്ടുമടക്കുകയായിരുന്നെന്നാണ് വിവരം. സി.ജെ.പിയുടെ എല്ലാ ആവശ്യങ്ങളും ദല്‍ഹി പൊലീസ് അംഗീകരിച്ചിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ഭരദ്വാജിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച് കൃത്യമായ വകുപ്പുകള്‍ ചേര്‍ക്കാമെന്നും ദല്‍ഹി പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സി.ജെ.പി നേതാക്കള്‍ അറിയിച്ചിരുന്നു.
ജൂലൈ 20ന് ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനെതിരെ താന്‍ നടത്തിയ അതിക്രമമങ്ങള്‍ക്ക് ശേഷം വധശ്രമക്കേസില്‍ അറസ്റ്റിലായെങ്കിലും ജയിലില്‍ പോകാതെ സ്വതന്ത്രനായി ചുറ്റിത്തിരിഞ്ഞിരുന്നുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകളായിരുന്നു സ്വതന്ത്ര ഭരദ്വാജ് പോഡ്കാസ്റ്റില്‍ നടത്തിയത്. താന്‍ അറസ്റ്റിലായെങ്കിലും മന്ത്രി കപില്‍ മിശ്ര ഫോണ്‍ വിളിച്ചതിനെത്തുടര്‍ന്ന് ദല്‍ഹി പൊലീസ് തന്നെ വിട്ടയച്ചെന്നും ഭരദ്വാജ് പറഞ്ഞിരുന്നു.
വലിയ അഭിമാനത്തോടെയും ചിരിച്ചുകൊണ്ടുമായിരുന്നു സംഘപരിവാര്‍ ഗുണ്ട താന്‍ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും അനധികൃതമായി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും പോഡ്കാസ്റ്റില്‍ സംസാരിച്ചത്. തന്റെ അക്രമമേറ്റത് കാരണം നിഷുവിന്റെ പിതാവിന്റെ തലയില്‍ ഏഴ് തുന്നലുകള്‍ ഉണ്ടായിരുന്നുവെന്നും ഭരദ്വാജ് പറഞ്ഞിരുന്നു. മരണത്തോടടുത്ത അവസ്ഥയിലാണ് അദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും ഭരദ്വാജ് ആ ദിവസത്തെക്കുറിച്ച് പറഞ്ഞു.
വധശ്രമക്കേസ് ചുമത്തിയിട്ടും അടുത്ത ദിവസം താന്‍ പുറത്തിറങ്ങിയെന്നും ഭരദ്വാജ് പറഞ്ഞു. ‘എന്നിട്ടും അടുത്ത ദിവസം ഞാന്‍ പുറത്തായിരുന്നു. ഞാന്‍ ജയിലിലേക്ക് പോലും പോയില്ല. ഒരു രാത്രി കൊണ്ട് ഗോരക്ഷകന്‍ സ്വതന്ത്രനാായി. എന്നിട്ട് നഗരത്തില്‍ ചുറ്റിത്തിരിഞ്ഞു,’ എന്നും സംഘപരിവാര്‍ ഗുണ്ടയായ ഭരദ്വാജ് ചിരിച്ചുകൊണ്ട് പറയുന്നതായി പോഡ്കാസ്റ്റിന്റെ വീഡിയോയില്‍ കാണാം.
ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാരിലെ മന്ത്രിയായ കപില്‍ മിശ്ര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടാണ് താന്‍ പുറത്തെത്തിയതെന്ന് പറഞ്ഞ ഭരദ്വാജ് മിശ്ര തനിക്ക് ഒരു ചേട്ടനെ പോലെയാണെന്നും പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ പോലും തനിക്ക് ചേട്ടനെ പോലെയാണെന്നും ഗോരക്ഷകന്‍ പറയുന്നു. ‘മോദി ജി എനിക്കും ഒരു ജ്യേഷ്ഠനെ പോലെയാണ്. എനിക്ക് എല്ലാവരുടെയും പിന്തുണയുണ്ട്,’ എന്നും പോഡ്കാസ്റ്റില്‍ ഭരദ്വാജ് പറയുന്നു.
Content Highlight: Delhi Police keeps word, detains Swatantra Bhardwaj in UP
