ന്യൂദല്‍ഹി: സി.ജെ.പിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ നടന്ന സമരത്തിന് മുന്നില്‍ മുട്ടുമടക്കി ദല്‍ഹി പൊലീസ്. ജന്തര്‍ മന്ദര്‍ സമരത്തില്‍ പങ്കെടുത്ത ദളിത് പെണ്‍കുട്ടി നിഷു ആസാദിന്റെ പിതാവിനെ മര്‍ദിച്ച ഹിന്ദുത്വ ഇന്‍ഫ്‌ളുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സി.ജെ.പിയുടെ എല്ലാ ആവശ്യങ്ങളും ദല്‍ഹി പൊലീസ് അംഗീകരിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും ഭരദ്വാജിന്റെ പരാമര്‍ശങ്ങള്‍ പരിശോധിച്ച് കൃത്യമായ വകുപ്പുകള്‍ ചേര്‍ക്കാമെന്നും ദല്‍ഹി പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സി.ജെ.പി നേതാക്കള്‍ അറിയിച്ചു.

കൂടാതെ 72 മണിക്കൂറിനുള്ളില്‍ ഭരദ്വാജിനെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പൊലീസ് സ്റ്റേഷന് മുന്നിലുള്ള പ്രതിഷേധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് സി.ജെ.പി. ജന്തര്‍ മന്ദറിലെ സമരത്തിനിടെ ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ചുവെന്നും എന്നാല്‍ ബി.ജെ.പി നേതാക്കളുടെ സ്വാധീനം മൂലം ജയിലില്‍ പോവാതെ രക്ഷപ്പെട്ടുവെന്നുമുള്ള അവകാശവാദവുമായി ഹിന്ദുത്വ ഇന്‍ഫ്ലുവന്‍സര്‍ രംഗത്തെത്തിയിരുന്നു.

നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിനെ ആക്രമിച്ച് തലയോട്ടി തകര്‍ത്തുവെന്നും തനിക്ക് ബി.ജെ.പി നേതാവ് കപില്‍ മിശ്ര, ചിരാഗ് പാസ്വാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പിന്തുണയുണ്ടെന്നും ഭരത്വാജ് പറഞ്ഞു. പിന്നാലെ ഇത് വിവാദമാവുകയായിരുന്നു. പോഡ്കാസ്റ്റ് വീഡിയോയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പിന്നാലെയാണ് ഇയാളുടെ അറസ്റ്റാവശ്യപ്പെട്ട് കൊണ്ടുള്ള സി.ജെ.പി സമരം.

‘ഞാന്‍ നിഷുവിന്റെ അച്ഛന്റെ തലയടിച്ചു പൊട്ടിച്ചു. സെക്ഷന്‍ 307 (വധശ്രമം) ചുമത്തേണ്ട കേസാണിത്. അയാള്‍ക്ക് 60 തുന്നലുകള്‍ വേണ്ടിവന്നു. പക്ഷേ ഞാന്‍ ഒരു രാത്രി പോലും ജയിലില്‍ കിടന്നിട്ടില്ല. കപില്‍ മിശ്ര എന്റെ ജ്യേഷ്ഠനെപ്പോലെയാണ്. കപില്‍ മിശ്ര വിളിച്ച് പറഞ്ഞിട്ടാണ് എന്നെ വിട്ടയച്ചതെന്ന് എല്ലാവരും പറയുന്നു,’ എന്നാണ് ഭരദ്വാജ് പോഡ്കാസ്റ്റില്‍ പറഞ്ഞത്. ഇതിന് പിന്നാലെ ‘ഫീല്‍ ദി പവര്‍’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രവും ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ സ്വതന്ത്ര ഭരദ്വാജ് സ്വയം കുറ്റസമ്മതം നടത്തിയിട്ടും തലയോട്ടി തകര്‍ന്നിട്ടില്ലെന്നും പരിക്കുകള്‍ നിസാരമാണെന്നും പറഞ്ഞ് ദല്‍ഹി പൊലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സി.ജെ.പി വക്താവ് സൗരവ്ദാസും സ്ഥാപകന്‍ അഭിജീത് ദിപ്കെയും പറഞ്ഞു.

നിയമം കയ്യിലെടുക്കുന്ന ഇത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും എന്തിനാണ് മടിക്കുന്നതെന്നും നിയമമില്ലാത്ത വ്യവസ്ഥിതിയാണോ ഇവിടെ നിലനില്‍ക്കുന്നതെന്നും സിജെപി ചോദിച്ചു. സംഭവത്തില്‍ ഐസയും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlight: Bharadwaj to be taken into custody within 72 hours; police bow down to cockroaches.