കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ കൊല്‍ക്കത്തയിലെ കാമാക് സ്ട്രീറ്റിലുള്ള പാര്‍ട്ടി ഓഫീസില്‍ പുലര്‍ച്ചെ ആക്രമണവും മോഷണവും നടന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് പുലര്‍ച്ചെ 4.30ഓടെ ആയുധങ്ങളുമായി എത്തിയ ഒരു സംഘം ഓഫീസില്‍ കയറി ജീവനക്കാരെ ആക്രമിക്കുകയും ഫര്‍ണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് സംഭവത്തില്‍ ഇടപെടാന്‍ ഏകദേശം രണ്ട് മണിക്കൂര്‍ വൈകിയെന്നും അദ്ദേഹം ആരോപിച്ചു.
‘ബി.ജെ.പി ഗുണ്ടകള്‍ ഞങ്ങളുടെ ഓഫീസില്‍ കയറി ഇലക്രട്രോണിക് ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. ഓഫീസ് കൊള്ളയടിച്ച വിവരം അറിഞ്ഞതു മുതല്‍ ഞങ്ങളുടെ ആളുകളില്‍ നിന്നും അഭിഭാഷകരില്‍ നിന്നും ആവര്‍ത്തിച്ചുള്ള കോളുകളും ഇമെയിലുകളും അയച്ചിട്ടും കൊല്‍ക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ അഭിഷേക് ബാനര്‍ജി പുറത്തുവിട്ടു. ഓഫീസിലുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയെന്നും ചില ഉപകരണങ്ങള്‍ സംഘം കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവ സമയത്ത് താന്‍ ദല്‍ഹിയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് അഭിഷേക് ബാനര്‍ജിയുടെ ആരോപണം. ആക്രമണത്തില്‍ പങ്കെടുത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ആക്രമണം ആസൂത്രണം ചെയ്ത് നടത്തിയതാണെന്നാണ് ബി.ജെ.പി നേതാവ് സജല്‍ ഘോഷിന്റെ ആരോപണം.
Content Highlights: Abhishek Banerjee’s office ransacked; Trinamool levels allegations against BJP.
