ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയത്തിലേക്ക് കുതിക്കുകയാണ് യഷ് നായകനായ ടോക്‌സിക്. മൂന്ന് വര്‍ഷത്തെ ഷൂട്ടിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ പാടെ നിരാശപ്പെടുത്തി. കെ.ജി.എഫിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം നേടിയ യഷിന് ടോക്‌സിക്കില്‍ കൈപൊള്ളി. മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ഒരിടത്തും വിജയിച്ചിട്ടില്ല.
600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക് സമീപകാലത്ത് ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയ ചിത്രം കൂടിയാണ്. ടോക്‌സിക് പരാജയപ്പെട്ടതോടെ വനിതാ സംവിധായകര്‍ക്ക് നേരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുകൂട്ടമാളുകള്‍. ഗീതു മോഹന്‍ദാസിനൊപ്പം സുധാ കൊങ്കരയും ഇക്കൂട്ടരുടെ ഇരയായിരിക്കുകയാണ്.

ഈ വര്‍ഷമാദ്യം സുധാ കൊങ്കര സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു പരാശക്തി. ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ചിത്രം സാമ്പത്തികമായി വിജയിക്കാതെ പോയി. നല്ല തീമായിരുന്നിട്ടും എക്‌സിക്യൂഷന്‍ പാളിയതാണ് ചിത്രത്തിന് തിരിച്ചടിയായത്. 140 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം 100 കോടി പോലും നേടാതെയാണ് കളംവിട്ടത്.
ടോക്‌സിക്കിനും സമാന അവസ്ഥയാണ് ബോക്‌സ് ഓഫീസില്‍. ബജറ്റിന്റെ പകുതി മാത്രമാണ് ആദ്യവാരം പിന്നിടുമ്പോള്‍ ചിത്രം നേടിയത്. നിര്‍മാതാവിനും വിതരണക്കാര്‍ക്കും ഒരുപോലെ നഷ്ടം സമ്മാനിച്ചിരിക്കുകയാണ് ടോക്‌സിക്.

600 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ടോക്‌സിക്കും പരാജയപ്പെട്ടതോടെ വനിതാ സംവിധായകര്‍ക്ക് ബിഗ് ബജറ്റ് ചിത്രം ഒരുക്കാന്‍ അവസരം നല്‍കരുതെന്നാണ് ചില പേജുകള്‍ അഭിപ്രായപ്പെടുന്നത്. പുരുഷ സംവിധായകരെപ്പോലെ മാസ് മസാല സിനിമകള്‍ എടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിവില്ലെന്നും ഇക്കൂട്ടര്‍ അഭിപ്രായം പങ്കുവെക്കുന്നു.
എന്നാല്‍ ഇത്തരം ഹേറ്റ് പോസ്റ്റുകള്‍ക്ക് മറുപടിയും സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നുണ്ട്. സംവിധായികയായ കുഞ്ഞില മാസിലമണി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പ്രതികരിച്ചിരുന്നു. ഒരു വര്‍ഷം ഇറങ്ങുന്ന 300ലധികം സിനിമകളില്‍ 90 ശതമാനവും പരാജയമാകുന്നുണ്ടെന്നും ഫ്‌ളോപ്പാകുന്ന സിനിമയുടെ സംവിധായകരോട് ഇങ്ങനെ പ്രതികരിക്കുമോ എന്നുമാണ് കുഞ്ഞില ചോദിച്ചത്.

ബോളിവുഡില്‍ മാസ് സിനിമകള്‍ ചെയ്ത് ഞെട്ടിച്ച ഫറ ഖാനെപ്പോലുള്ളവരെ ഉദാഹരണമാക്കിക്കൊണ്ടും ചിലര്‍ രംഗത്തെത്തി. ഓം ശാന്തി ഓം. ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ സിനിമകള്‍ 100 കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നെന്നും ഇക്കൂട്ടര്‍ ഓര്‍മപ്പെടുത്തി. ജെന്‍ഡറിന്റെ പേരില്‍ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ സിനിമാപ്രേമികള്‍ക്ക് യോജിച്ചതല്ലെന്നും കമന്റുകളുണ്ട്.
Content Highlight: Cyber attack against Geethu Mohandas and Sudha Kongara for their failure
