കോഴിക്കോട്: സ്ത്രീകള്‍ പൊതു രംഗത്തിറങ്ങുന്നതിനെതിരായ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രവര്‍ത്തകരോട് സംയമനത്തിനായി അഭ്യര്‍ത്ഥിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം.
‘ആത്മീയ ചര്‍ച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ തിരിച്ചറിയുകയും വേണം,’ എന്നും കാന്തപുരം അഭിപ്രായപ്പെട്ടു. ‘സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍,’ എന്നും കാന്തപുരം പ്രവര്‍ത്തകരോട് ഉപദേശിക്കുന്നു.
പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
‘സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍.
പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്‌കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവര്‍ക്കും നന്മകള്‍ക്കു തൗഫീഖ് നല്‍കട്ടെ,’ കാന്തപുരം കുറിച്ചു.
ഒരു സര്‍ക്കുലറിലും പിന്നീട് കൊച്ചിയില്‍ ഒരു സംഘടനാ പരിപാടിയില്‍ സംസാരിക്കുമ്പോഴുമായിരുന്നു സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെതിരായ കാന്തപുരത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇസ്ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്,’ എന്നാണ് സര്‍ക്കുലറില്‍ കാന്തപുരം പറഞ്ഞത്. ഇതിന് പിന്നാലെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കൊച്ചിയില്‍ ഒരു സംഘടനാ പരിപാടിയില്‍ സംസാരിക്കവെ കാന്തപുരം പറഞ്ഞിരുന്നു.
‘സ്ത്രീകളെ ഇങ്ങനെ രംഗത്തിറക്കിയാല്‍ അത് വലിയ നാശമാണ് എന്ന് കണ്ടുകൊണ്ട് തന്നെയാണ് ഇസ്ലാം സ്ത്രീകള്‍ക്ക് പര്‍ദ്ദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളത്. പെണ്ണുങ്ങള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം, അവര്‍ രംഗത്തിറങ്ങാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ ആന്‍ പറയുന്നു. അത് ബുദ്ധിപരമായി ആലോചിച്ചാലും അത് വലിയ സംഗതിയാണ്,’ എന്നായിരുന്നു കൊച്ചിയില്‍ സംസാരിക്കവെ കാന്തപുരം നടത്തിയ വിവാദ പരാമര്‍ശം.
‘താന്‍ സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം നല്‍കി എന്നുപറയുന്നത് ശരിയല്ല,’ എന്ന് ഇന്നലെ (സെപ്തംബര്‍ മൂന്ന്, വ്യാഴം) തൃശ്ശൂരില്‍ സംസാരിക്കവെ കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും കാന്തപുരം പറഞ്ഞിരുന്നു.
‘സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനം കൊടുത്തു എന്ന് പറയുന്നത് ശരിയല്ല. കാരന്തൂര്‍ മര്‍കസില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നതും സ്ത്രീകളാണ്. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം ഞാന്‍ വെറുതേ കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ അങ്ങനെ കുഴിച്ചുമൂടണമെന്ന് പറയുന്നവരോ അല്ല,’ കാന്തപുരം പറഞ്ഞു.
Content Highlight: Kanthapuram’s Facebook Post Addressing His Followers about Controversies Related to his Recent Remarks
